X

വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു ഉമ്മന്‍ ചാണ്ടി; സമദാനി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് എം.പി അബ്ദു സമദ് സമദാനി എം.പി. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടിയെന്ന് സമദാനി.ഫേസ്ബുക്കിലൂടെയാണ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടി. അദ്ദേഹം നേതൃത്വം നൽകിയ സർക്കാരിന്റെ നയങ്ങളുടെയും പദ്ധതികളുടെയും പേരുകളിൽ പ്രകടമായതുപോലെ കാരുണ്യത്തെ അദ്ദേഹം തന്റെ ആദർശവും ഭരണക്രമത്തിന്റെ ഉള്ളടക്കവുമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ടവരുടെയും പ്രയാസങ്ങൾ ലഘൂകരിക്കാനും പരിഹരിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികൾ അവർക്കെല്ലാം ഏറെ ആശ്വാസം പകർന്ന കാരുണ്യസ്പർശമായി പരിണമിച്ചു. വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു അദ്ദേഹത്തിലെ ഭരണാധികാരി.

ജനങ്ങൾക്ക് വേണ്ടി ജീവിച്ച അദ്ദേഹം സദാ അവർക്കിടയിലൂടെ സഞ്ചരിച്ചു. അവരുടെ പരാതികൾ കേൾക്കാനും അതിനു പരിഹാരം കാണാനുമായി മണിക്കൂറുകളോളം നിന്നകാലിന്മേൽ നിൽക്കാനും ആഹാരമുറകൾ പോലും തെറ്റിച്ച് ദീർഘനേരം ഒന്നും കഴിക്കാതെ അവരോടൊപ്പം കഴിയാനും അദ്ദേഹത്തിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ” ജനങ്ങൾക്കിടയിൽ കഴിഞ്ഞാണ് ഞാൻ അവരെ മനസ്സിലാക്കുന്നത് ” എന്ന് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന വേദിയിൽ ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു.

ജനങ്ങളുടെ ഉറ്റതോഴനായിരുന്ന ഉമ്മൻചാണ്ടി അവർക്കിടയിലെ വിവിധ വിഭാഗങ്ങളെ ചേർത്തുനിർത്തിയ ഈടുറ്റ കണ്ണി കൂടിയായിരുന്നു. കേരളത്തിലെ സാമുദായികമായ മൈത്രിയും സഹവർത്തിത്വവും നിലനിർത്താനും ശക്തമാക്കാനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ആർജ്ജിച്ച മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു അദ്ദേഹം.

വ്യക്തിപരമായ സമ്പർക്കങ്ങളിൽ അനുഭവപ്പെട്ടതത്രയും അദ്ദേഹത്തിന്റെ സ്നേഹവും സൗമ്യതയു മായിരുന്നു. ജന്മനാടായ പുതുപ്പള്ളിയിൽ അദ്ദേഹം എപ്പോഴും പ്രാർത്ഥിക്കാൻ പോകുന്ന തനിക്ക് പ്രിയപ്പെട്ട ചർച്ചിനോട് അനുബന്ധിച്ചുള്ള ഒരു സമ്മേളനത്തിൽ വന്ന് പ്രഭാഷണം നടത്തണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അതിന് അവസരവുമുണ്ടായി. കുന്നിൻ മുകളിലുള്ള ചർച്ചിന്റെ മുറ്റത്തെ മഹാസമ്മേളനത്തിൽ പോയതും അദ്ദേഹത്തിന്റെ നാട്ടുകാർ അന്ന് നൽകിയ ഹൃദ്യമായ സ്നേഹവും മറക്കാനാവാത്തതാണ്. ചെറുപ്പക്കാരായ രണ്ട് ഫാദർമാർ അന്ന് എന്നെ സ്നേഹപൂർവ്വം സൽക്കരിച്ച് ഭക്ഷണം കഴിപ്പിച്ചതും മനസ്സിൽ മങ്ങാതെ നിൽക്കുന്നു.അവരെല്ലാം ഉമ്മൻചാണ്ടി സാറിന്റെ സ്നേഹ വലയത്തിന്റെ ഭാഗമായിട്ടാണ് അനുഭവപ്പെട്ടത്.

പുതുപ്പള്ളിനാടിന് ശ്രീ ഉമ്മൻചാണ്ടിയും അദ്ദേഹത്തിന് ജന്മനാടും ഒരിക്കലും മടുക്കുമായിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും പുതുമയുള്ളൊരു സ്ഥാനാർത്ഥിയെ പോലെയാണ് നല്ല ഭൂരിപക്ഷത്തോടെ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ നിയമസഭയിലേക്ക് ജയിപ്പിച്ച് അയച്ചത്. അസുഖബാധിതനായ വേളയിൽ കാണാനായി തിരുവനന്തപുരത്ത് ചെന്നപ്പോഴും പതിവുപോലെ സ്നേഹപൂർവ്വം സംസാരിച്ച അദ്ദേഹം പുതുപ്പള്ളിയിലെ വിശേഷങ്ങളും ആഴ്ച തോറും അവിടെ പോവാറുള്ള കാര്യവും എന്നോട് പറഞ്ഞു.

കണ്ണിൽ തെളിയുന്ന സൗമ്യസ്വരൂപവും കാതിൽ മുഴങ്ങുന്ന സൗമ്യസ്വരവുംകൊണ്ട് വരുന്ന വിഷാദസ്മൃതികളിൽ കുതിർന്ന ആദരാഞ്ജലികൾ !

webdesk13: