X

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് ഊര്‍ങ്ങാട്ടിരി; മരിച്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

അരീക്കോട്: മഴ നിലച്ചിട്ടും കണ്ണീര്‍ മഴനിലക്കാതെ ഊര്‍ങ്ങാട്ടിരി ഓടക്കയം കോളനി. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു.
അപകടത്തില്‍ മരിച്ച സുന്ദരന്‍ (45), ഭാര്യ സരോജിനി (50 ), മാധ (60), ഉണ്ണികൃഷ്ണന്‍ (26 ) , ഉണ്ണികൃഷ്ണന്റെ മാതാവ് ചിരുത (70 ) എന്നി വരുടെ മൃതദേഹങ്ങള്‍ തച്ചണ്ണ പഞ്ചായത്ത് പൊതു ശ്്മശാനത്തിലും അമ്പിളി (20) ,അമ്പിളിയുടെ സഹോദരി ശിബില (12), എന്നിവരുടെ മൃതദേഹങ്ങള്‍ ചോലോറ കോളനിയിലുമാണ് സംസ്‌കരിച്ചത്. ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ സാക്ഷിയായി.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ നെല്ലിയായി കോളനിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച്മണിക്കാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടിനകത്ത് ഉറങ്ങി കിടന്നവരാണ് മരണപ്പെട്ടത്. അപകടം നടന്ന പ്രദേശത്ത് ശക്തമായ മഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നെങ്കിലും വലിയ ഭീഷണിയുണ്ടായിരുന്നില്ല.
സമീപത്തുള്ള വെറ്റിലപ്പാറ സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ശക്തമായ മഴ നിലക്കുന്നതിന് മുമ്പ്തന്നെ ക്യാമ്പ് അടക്കുകയായിരുന്നു. അതിനെതുടര്‍ന്ന് സമീപ വാസികള്‍ വീടുകളിലേക്ക് തിരിച്ച് പോവുകയും ചെയ്തു. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് നെല്ലിയായി കോളനി.

chandrika: