X

ഓപ്പറേഷൻ കാവേരിയിൽ ജിദ്ദയിലെത്തിയ 2465 പേരിൽ 1965 നാട്ടിലെത്തി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതോടൊപ്പം ജിദ്ദയിലെത്തിയവരെ പരാമവധി വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഊദിയിലെ ഇന്ത്യൻ മിഷൻ അധികൃതർ. ഇന്നലെ വരെ 2465 പേർ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവരിൽ 1965 പേരെ ന്യൂ ഡൽഹി, മുംബൈ, ബംഗളുരു വിമാനത്താവളങ്ങളിലേക്കാണ് ഇതുവരെ അയച്ചത്.

മുന്നൂറ് പേരെയുമായി ഒരു കപ്പൽ കൂടി പോർട്ട് സുഡാനിൽ നിന്ന് ഇന്നലെ രാവിലെ ജിദ്ദയിലെത്തിയിരുന്നു. 3400 പേരാണ് സുഡാനിൽ നിന്ന് നാട്ടിലേക്ക് പോരാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്‌തിട്ടുളളത്. ഇനിയും മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പേര് റജിസ്റ്റർ ചെയ്യാമെന്നും റജിസ്റ്റർ ചെയ്‌ത എല്ലാവരെയും നാട്ടിലെത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

സഊദിയുടെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കലും തുടരുന്നുണ്ട്. അമാന കപ്പൽ വഴിയും വിമാനങ്ങൾ വഴിയും എത്തുന്നവർക്കുള്ള നടപടികൾ പൂർത്തിയാക്കാൻ സഊദി അധികൃതർ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. സദേശങ്ങളിലേക്ക് തിരിച്ചു പോകുന്നത് വരെയുള്ള താമസവും ഭക്ഷണവുമെല്ലാം പ്രധാന ഹോട്ടലുകളിലാണ് ഏർപെടുത്തിയിട്ടുളളത്. ഇന്നലെ വരെ 4879 മുവ്വായിരത്തോളം പേരെ ഒഴിപ്പിച്ചപ്പോൾ സഊദി പൗരന്മാർ 139 പേർ മാത്രമാണുണ്ടായിരുന്നത്. ബാക്കിയെല്ലാം ഇന്ത്യയുൾപ്പടെ 80 ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

അതിനിടെ സുഡാനിലെ സ്ഥിതി ഏറെ ദയനീയമാണെന്ന് യു കെയിലെ സുഡാൻ അംബാസഡർ ഖാലിദ് മുഹമ്മദ് അലി ഹസ്സൻ അറബിന്യൂസിനോട് പറഞ്ഞു. സുഡാനിലെ ജനങ്ങൾ ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ഒരു യുദ്ധത്തിലാണ് എത്തിപെട്ടിരിക്കുന്നത് . രാജ്യത്ത് നടക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രക്തച്ചൊരിച്ചിലിന് കാരണക്കാർ റാപിഡ് സപ്പോർട്ട് ഫോഴ്‌സ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളവും വെളിച്ചവുമില്ലാതെയും ഭക്ഷണം കിട്ടാതെയും ചികിത്സ ലഭിക്കാതെയും മരുന്നില്ലാതെയും ദുരിതമനുഭവിക്കുകയാണ്. അവശ്യ സാധങ്ങളുടെ വില കുതിച്ചു കയറി. പലേടങ്ങളിലും ദൈനം ദിന ആവശ്യങ്ങൾക്കുള്ളവ കിട്ടാനില്ല. ആശുപത്രികൾ വരെ ആക്രമിക്കപ്പെട്ടു. ഡോക്ടർമാർക്ക് ആശുപത്രികളിൽ എത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു .

webdesk14: