X

സേവനോൽസുകാരായി കെഎംസിസിയും ഓപ്പറേഷൻ കാവേരി : 360 പേർ ഡൽഹിയിൽ

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഓപ്പറേഷൻ കാവേരിയിൽ സുഡാനിൽ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി ജിദ്ദയിലെത്തിയ 561 പേരിൽ 360 പേർ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. ആഹ്ലാദഭരിതരായാണ് യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്. സഊദി സമയം ഉച്ചക്ക് മൂന്ന് മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് പറന്നത് . സഊദി എയർലൈൻസിന്റെ എസ് വി 3620 വിമാനത്തിലാണ് മലയാളികൾ ഉൾപ്പടെയുള്ളവർ യാത്ര തിരിച്ചത്.

ജിദ്ദയിൽ നിന്ന് നിലവിൽ ഡൽഹി , മുംബൈ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുള്ളത്‌. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസമൊരുക്കും. സംസ്ഥാന സർക്കാറിന്റെ ചെലവിൽ ഇവരെ കേരളത്തിലെത്തിക്കും.

നേരത്തെ ആദ്യ കപ്പലിൽ 278 പേരും വ്യോമസേനയുടെ ആദ്യ വിമാനത്തിൽ 148 പേരും രണ്ടാം വിമാനത്തിൽ 135 പേരുമാണ് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയത്. പതിനാറ് മലയാളികൾ ഉൾപ്പടെ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ഇന്നലെ സഊദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് ജിദ്ദ തുറമുഖത്തെത്തിയത്.

കപ്പലിലും ഇരു വിമാനങ്ങളിലെത്തിയവർക്കും ജിദ്ദ ഇന്ത്യൻ സ്‌കൂളിലാണ് താമസം ഒരുക്കിയത് . സ്‌കൂളിലേക്ക് മാറ്റിയ യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടിന്റെയും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയുടെയും നേതൃത്വത്തിൽ വളണ്ടിയർമാർ മുഴുസമയം രംഗത്തുണ്ടായിരുന്നു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഇന്ത്യൻ എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥന്മാരോടൊപ്പം കെഎംസിസി
വളണ്ടിയർമാരുടെ സേവനം ഏറെ ആശ്വാസമായി.

കപ്പലിലെത്തിയവർക്കും വിമാനങ്ങളിലെത്തിയവർക്കുമുള്ള എമിഗ്രെഷൻ നടപടികൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിലാണ് ഏർപ്പെടുത്തിയത്. അടിയന്ത്രഘട്ടമായതിനാൽ മതിയായ രേഖകളോ പാസ്പോർട്ടോ ഇല്ലാതെയാണ് പലരും യാത്ര ചെയ്‌തത്‌. രേഖകൾ ഇല്ലാത്തവരെല്ലാം സുഡാനിലെ ഇന്ത്യൻ എംബസി നൽകിയ എമെർജൻസി സർട്ടിഫിക്കറ്റ് വഴിയാണ് യാത്ര തുടർന്നത്.

webdesk14: