X

ഉസാമ ബിന്‍ലാദന് ആധാര്‍ കാര്‍ഡ്; സദ്ദാം ഹുസൈനെതിരെ കേസ്, പിഴവില്‍ കുരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പശുക്കള്‍ക്കു പിന്നാലെ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദനും രാജ്യത്ത് ആധാര്‍കാര്‍ഡ്. രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍ നിന്നാണ് ഉസാമക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷ ലഭിച്ചത്. പന്തികേടു തോന്നിയ ആധാര്‍ അധികൃതര്‍ പൊലീസിലറിയിച്ചപ്പോള്‍ വെളിച്ചത്തായത് സദ്ദാം ഹുസൈന്റെ അക്രമങ്ങള്‍. ബില്‍വാരയില്‍ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ കേന്ദ്രം (ഇ-മിത്ര സെന്റര്‍) നടത്തുന്ന സദ്ദാം ഹുസൈന്‍ മന്‍സൂരിയെന്ന 25കാരനാണ് അല്‍ഖാഇദ നേതാവിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. ലാദന്റെ മങ്ങിയ ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കുകയായിരുന്നു. മേല്‍വിലാസത്തില്‍ അബോത്താബാദ് എന്നാണ് സ്ഥലപേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ വിരലടയാളമോ മറ്റ് തിരിച്ചറിയല്‍ രേഖകളോ സമര്‍പ്പിച്ചിരുന്നില്ല. അപേക്ഷയില്‍ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്നാണ് ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്കു വിധേയമാക്കാന്‍ തീരുമാനിച്ചത്. ഐ.ടി നിയമപ്രകാരമാണ് സദ്ദാമിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും. വിദഗ്ധ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് മണ്ഡല്‍ സി.ഐ ചഞ്ചല്‍ മിശ്ര പറഞ്ഞു.

chandrika: