X

മമ്പുറം നടപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 52 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി പി. കെ. കുഞ്ഞാലിക്കുട്ടി 

വേങ്ങര നിയോജക മണ്ഡലത്തിലെ മമ്പുറം നടപ്പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. കെ. കുഞ്ഞാലിക്കുട്ടി എം. എൽ. എ അറിയിച്ചു.

പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മമ്പുറം മഖാമിനെ തിരൂരങ്ങാടി മണ്ഡലവുമായി ബന്ധിപ്പിച്ച് കൊണ്ട് കടലുണ്ടിപ്പുഴക്ക് കുറുകെ നിർമ്മിച്ച പഴയ പാലത്തിന്റെ പുനരുദ്ധാരണത്തിനാണ് തുക വകയിരുത്തിയിരിക്കുന്നത്. ദീർഘ കാലം മഖാമിലേക്ക് എത്തിച്ചേരാൻ വിശ്വാസികൾ ആശ്രയിച്ചിരുന്നത് വീതി കുറഞ്ഞ ഈ പാലമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇരുപത്തിമൂന്ന് കൊടിയോളം രൂപ ചിലവഴിച്ച് പുതിയ പാലം നിർമിച്ചത് വിശ്വാസികൾക്കും നാട്ടുകാർക്കും വലിയ ആശ്വാസമായിരുന്നു.എന്നിരുന്നാലും കാൽനട യാത്രക്കാരും, ബൈക്ക് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളും പഴയ പാലം ഉപയോഗിച്ച് വരുന്നുണ്ട്.

കാലപഴക്കം കാരണം ജീർണിച്ച പാലത്തിന്റെ തൂണുകളും, സ്ലാബുകളും ഗണേറ്റിങ് വർക്ക്‌ നടത്തി ബലപ്പെടുത്തൽ, അപ്രോച്ച് റോഡുകൾ കോൺക്രീറ്റ് ചെയ്ത് കൂടുതൽ സൗകര്യപ്പെടുത്തൽ, കൈവരികളുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്. പ്രസ്തുത പാലം പുനരുദ്ധാരണം നടത്തി കൂടുതൽ സൗകര്യവും, സുരക്ഷയും ഉള്ളതാക്കി മാറ്റുന്നത് കാൽനട യാത്രക്കാരായ വിശ്വാസികൾക്കും, നാട്ടുകാർക്കും ഏറെ ഉപകാരപ്പെടും. ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ വേണ്ട നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം. എൽ. എ അറിയിച്ചു.

webdesk11: