X

പി.വി. അൻവറിന്‍റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി; കേസ് ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെ

പി.വി. അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസിൽ അടച്ചു. പാർക്കിന് അനുമതി നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്.

കുട്ടികളുടെ പാർക്കിന് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളതെന്നും യന്ത്രങ്ങൾ പ്രവർത്തിക്കാനോ റൈഡുകൾക്കോ അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി പി.വി. രാജനാണ് പാർക്കിനെതിരെ ഹൈകോടതിയെ സമീപിച്ചത്. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് ഹരജിക്കാരന്‍റെ പരാതി. ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

പാര്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ അനുബന്ധ രേഖകളില്‍ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത് അറിയിച്ചു. തിരുത്തി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നതായുമാണ് ഇപ്പോള്‍ പറയുന്നത്.

webdesk14: