X

നെല്ല് സംഭരിച്ചാല്‍ പണമില്ല, കടമെടുക്കൂ, ജപ്തി വന്നേക്കാം എന്ന് സര്‍ക്കാരും ബാങ്കുകളും !

കെ.പി ജലീല്‍

നെല്ല് സംഭരിച്ച വകയില്‍ സംസ്ഥാനസിവില്‍ സപ്ലൈസ് വകുപ്പ് പണം നല്‍കുന്നില്ലെന്നത് പുതുമയുള്ളതല്ല. മാസങ്ങള്‍ കഴിഞ്ഞാണ് പ്രതിഫലം കിട്ടുക . അതും കര്‍ഷകന്റെ അക്കൗണ്ടിലേക്ക്. എന്നാല്‍ പണം ഉടന്‍ വേണമെങ്കില്‍ കടമെടുക്കൂ എന്ന് സര്‍ക്കാര്‍. കേരള ബാങ്കുകളുടെ ശാഖകളില്‍ ഇതിന് സൗകര്യം ലഭിക്കും. പക്ഷേ സിവില്‍സപ്ലൈസ് സമയത്തിന് പണം തന്നില്ലെങ്കില്‍ കര്‍ഷകന്‍ കുടുങ്ങും. ഇതിന് കരാറും എഴുതിവാങ്ങുകയാണ് ബാങ്കുകളിപ്പോള്‍. പണം ലഭിക്കാത്തതിന് വായ്പയെടുക്കാനായി ബാങ്കുകളിലെത്തിയ കര്‍ഷകരാണ് വെട്ടിലായത്. പണം യഥാസമയം സിവില്‍സപ്ലൈസ് തന്നില്ലെങ്കില്‍ കര്‍ഷകന്റെ വസ്തുവകകള്‍ ജപ്തി ചെയ്യുന്നതിന് സമ്മതപത്രം എഴുതിവാങ്ങുകയാണ് ബാങ്കുകളിപ്പോള്‍. ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടും സര്‍ക്കാരോ സിവില്‍സപ്ലൈസ് വകുപ്പോ ബാങ്കുകളോ അനങ്ങുന്നില്ല. കേരളബാങ്കിന്റെ നിയന്ത്രണം ഇപ്പോള്‍ സി.പി.എം നിയന്ത്രണത്തിലുള്ള ബോര്‍ഡിനാണ്. ഫലത്തില്‍ സര്‍ക്കാരും സി.പി.എമ്മും തന്നെയാണ് ഈ കര്‍ഷക വിരുദ്ധനടപടിക്ക് തയ്യാറായിരിക്കുന്നത്.
കടമെടുത്ത് കുടുങ്ങിയാല്‍ എപ്പോഴാണ് ജപ്തിയുമായി ബാങ്കധികൃതരെത്തുകയെന്നറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. കഴിഞ്ഞദിവസം ബാങ്കിലെത്തിയ പാലക്കാട്ടെ നെല്‍കര്‍ഷകര്‍ കരാറിലൊപ്പിട്ടുകൊടുക്കേണ്ട ഗതികേടിലായി. രണ്ടാം വിള കൃഷി ഇറക്കി വെള്ളത്തിന് കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് നടീലിനും കളപറിക്കുന്നതിനും മറ്റുമായി വന്‍തുകയാണ് ചെലവായിരിക്കുന്നത്. ഇതിനിടെ സംഭരിച്ച ഒന്നാം വിളനെല്ലിന്റെ പണം കിട്ടാതെ വന്നതോടെയാണ് വായ്പക്കായി ബാങ്കുകളെ സമീപിച്ചത്. ഇതേ ബാങ്കുകളില്‍തന്നെയാണ് കര്‍ഷകരുടെ അക്കൗണ്ടുള്ളതും അതിലൂടെ പണം ലഭ്യമാക്കുന്നതും. പാലക്കാട്ടും കുട്ടനാടും തൃശൂരുമെല്ലാമായി 20 കോടിയോളം രൂപയാണ് നെല്ല് സംഭരണവകയില്‍ ഇനിയും കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്‍ഷകര്‍ ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.

Chandrika Web: