X

പദ്മാവതി: ബി.ജെ.പിയില്‍ പൊട്ടിത്തെറി; ദീപികയുടെ തലവെട്ടാന്‍ 10കോടി വാഗ്ദാനം ചെയ്ത നേതാവ് രാജിവെച്ചു

പദ്മാവതി സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഹരിയാന ബി.ജെ.പി നേതാവ് സൂരജ് പല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു. സിനിമയില്‍ പ്രതിഷേധിച്ചായിരുന്നു ദീപികയുടേയും സംവിധായകനായ സജ്ഞയ് ലീലാ ബന്‍സാലിയുടേയും തലയറുക്കുന്നവര്‍ക്ക് സൂരജ് അമു കോടികള്‍ വാഗ്ദാനം ചെയ്തത്.

ചിത്രം ഹരിയാനയില്‍ നിരോധിക്കണമെന്ന ആവശ്യം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നിരാകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിയാന ബി.ജെ.പിയിലുണ്ടായ തര്‍ക്കങ്ങളാണ് രാജിയിലേക്ക് നയിച്ചത്. രാജിക്കത്ത് ബി.ജെ.പി തലവന്‍ സുഭാഷ് ബറാലയ്ക്ക് അയച്ചുകൊടുത്തതായാണ് വിവരം. നേരത്തെ, തലയറുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പരാമര്‍ശത്തില്‍ സൂരജ് പല്‍ അമുവിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഹരിയാന ബി.ജെ.പി യൂണിറ്റ് ഇദ്ദേഹത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് രാജിതീരുമാനം ഉണ്ടാവുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് സൂരജ് ആവശ്യപ്പെടുമ്പോള്‍ അത് നിഷേധിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്കുള്ളത്. ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പരിഗണനയിലാണ്. അവരുടെ തീരുമാനം കണക്കിലെടുത്ത് മാത്രമേ ചിത്രത്തിന്റെ പ്രദര്‍ശനം നികോധിക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലപാട് പറയാന്‍ കഴിയുകയുള്ളൂവെന്നാണ് മനോഹര്‍ലാല്‍ ഖട്ടറിന്റെ നിലപാട്.

chandrika: