X

55 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: നാല് ദിവസങ്ങള്‍ക്കുള്ളില്‍ 55 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന്‍ മാരിടൈം സുരക്ഷാ ഏജന്‍സി (പിഎംഎസ്എ) അറസ്റ്റ് ചെയ്തു. അറബിക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വക്താവാണ് ഇക്കാര്യം അറിയിച്ചത്.
പാക് അതിര്‍ത്തി കടന്ന് മത്സ്യബന്ധം നടത്തുമ്പോഴാണ് ഇവരെ പിടികൂടിയതെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷം ഇവരെ പൊലീസിനു കൈമാറിയതായി പിഎംഎസ്എ അറിയിച്ചു. തൊഴിലാളികളെ ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരത്തടികളില്‍ തീര്‍ത്ത വള്ളത്തിലാണ് ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. സാങ്കേതിക വിദ്യകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നില്ല. നേരത്തെ സമാന സംഭവത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരില്‍ 68 പേരെ പാകിസ്താന്‍ കഴിഞ്ഞ 29ന് വിട്ടയച്ചിരുന്നു. 2016 ഡിസംബറിലും ഈവര്‍ഷം ജനുവരിയിലുമായി 438 പേരെയാണ് കറാച്ചിയിലെ ലന്ധി, മലിര്‍ ജയിലുകളില്‍ നിന്നും മോചിപ്പിച്ചത്.

chandrika: