X

മുഹമ്മദലി ജിന്നയുടെ മകള്‍ ദിന വാഡിയ അന്തരിച്ചു

ന്യൂയോര്‍ക്ക്: പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു.

മുഹമ്മദാലി ജിന്നയുടെയും പത്‌നി രത്തന്‍ബായ് പെറ്റിറ്റിന്റെയും (മറിയം ജിന്ന) മകളായി 1919 ആഗസ്ത് 15നാണ് ദിനയുടെ ജനനം. പാകിസ്താന്‍ വിഭജനത്തിന് ശേഷം അവിടേക്ക് മാറിയ ദിന പാഴ്‌സി വ്യവസായിയായ നെവില്ലേ വാഡിയയെ വിവാഹം കഴിച്ച ശേഷം തിരികെ മുംബൈയിലെത്തുകയായിരുന്നു.

ജിന്നയില്‍ നിന്നും ഏറെ വ്യത്യസ്ഥമായിരുന്നു എന്നും ദിനയും ജീവിതവും പ്രവര്‍ത്തനങ്ങളും. പലപ്പോഴും സ്വതന്ത്രമായ നിലപാടുകള്‍ അവരെടുത്തിരുന്നു. ഈ നിലപാടുകള്‍ക്കൊപ്പമാണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത്. ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം ഇന്ത്യയിലാണ് ദിന കഴിഞ്ഞത്. പിന്നീട് യുഎസിലേക്ക് പോയി. രണ്ട് തവണ മാത്രമാണ് പാകിസ്താന്‍ സന്ദര്‍ശിച്ചത്.

1948ല്‍ ജിന്നയുടെ ഖബറടക്ക ചടങ്ങിന് വേണ്ടിയാണ് ദിന പാകിസ്താന്‍ സന്ദര്‍ശിച്ചത്. പീന്നീട് താമസം യുഎസിലേക്ക് മാറ്റി. 2004ല്‍ ഇന്ത്യപാകിസ്താന്‍ ക്രിക്കറ്റ് മത്സരം കാണുന്നതിന് വേണ്ടി വീണ്ടും പാകിസ്താനിലെത്തുകയും ചെയ്തു. മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം. അതായിരുന്നു ദിനയുടെ അവസാനത്തെ സന്ദര്‍ശനം. ‘പിതാവിന്റെ സ്വപ്‌നമായ പാകിസ്താന്‍ രൂപം കൊണ്ടിരിക്കുന്നു. ദുഖവും ഒപ്പം അത്ഭുതവും തോന്നുന്നു’. പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ കറാച്ചിയിലെ ഖ്വയ്ദ് ഇ-അസം മ്യൂസിയത്തിലെ സന്ദര്‍ശക ഡയറിയില്‍ ദിന കുറിച്ച വരികളാണിത്. വാഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ നസില്‍ എന്‍ വാഡിയ, ഡയാന എന്‍ വാഡിയ എന്നിവരാണ് മക്കള്‍. ദിനയുടെ അന്ത്യചടങ്ങ് ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്നു.

chandrika: