X

ടിപ്പു ജയന്തി: നിരാശനായ അമിത് ഷാ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി സിദ്ധരാമയ്യ

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രൂക്ഷ വിമര്‍ശം. നിരാശനായ അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുള്ള അവസാനത്തെ ശ്രമത്തിലാണെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു. സംസ്ഥാനത്തെ കുറിച്ച് ഒന്നും അറിയാത്ത അമിത് ഷായെ പോലുള്ള സന്ദര്‍ശകര്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ സന്ദര്‍ശനത്തിന് എത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവകര്‍ണാടകയുടെ ശില്‍പികളായ 26 പേരുടെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്നുണ്ട്. ഇതില്‍ ടിപ്പു ജയന്തി മാത്രം പുറത്തെടുത്ത് വിമര്‍ശിക്കുന്നത് വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണെന്നും സിദ്ദു പറഞ്ഞു. സംസ്ഥാനത്തെ കുറിച്ച് അറിയാത്ത ടൂറിസ്റ്റായ അമിത് ഷാ കന്നഡ രകാജ്യോത്സവത്തെ കന്നഡ മഹോത്സവമായി കാണുന്നെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം 75 ദിവസം നീണ്ടു നില്‍ക്കുന്ന ബി.ജെ.പി പദയാത്ര ഉല്‍ഘാടനം ചെയ്യവെ ടിപ്പു ജയന്തിയെ ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തെ അമിത് ഷാ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നിരവധി ട്വീറ്റുകളിലൂടെ ടിപ്പു ജനന്തി ആഘോഷിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച സിദ്ധരാമയ്യ ടിപ്പു ജയന്തിയെ കര്‍ണാടകക്കാര്‍ സ്വീകരിച്ചതാണെന്നും അദ്ദേഹം രാജ്യസ്‌നേഹിയായിരുന്നെന്നും പറഞ്ഞു. ടിപ്പു ഹിന്ദുക്കള്‍ക്കോ മറ്റു സമുദായങ്ങള്‍ക്കോ എതിരായിരുന്നില്ല. നേരത്തെ ടിപ്പു രാജ്യസ്‌നേഹിയാണെന്നു പറഞ്ഞ ബി.ജെ.പി നേതാക്കള്‍ അമിത് ഷായില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടതോടെ ഇപ്പോള്‍ കാര്യങ്ങളെ വര്‍ഗീയ വത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ യാത്ര ആദ്യ ദിനം തന്നെ പരാജയമായെന്നു പറഞ്ഞ സിദ്ധരാമയ്യ ജനങ്ങള്‍ ബി.ജെ.പിയില്‍ നിന്നും അകലുകയാണെന്നും പറഞ്ഞു.

chandrika: