X
    Categories: MoreViews

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കി പാക്കിസ്താന്‍. പാക്കിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്കെതിരെ ആണവായുധ പ്രയോഗം നടത്താന്‍ മടക്കില്ലെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്.


ഭീകരതയെ ഇല്ലാതാക്കാനെന്ന വ്യാജേന ഇന്ത്യ പാക്കിസ്താനില്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഇന്ത്യയുടെ പരമ്പരാഗത ആക്രമണത്തെ നേരിടാന്‍ പാക്കിസ്താന്‍ സദാസമയവും ആണവായുധങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു. വിദേശ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും മുമ്പ് ഇത്തരത്തില്‍ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു.
നിലവില്‍ പാക്കിസ്താന്‍ 110 മുതല്‍ 120 വരെ ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കരയില്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളിലാണ് പാക്കിസ്താന്‍ ആണവായുധങ്ങളുടെ 66 ശതമാനവും ഘടിപ്പിച്ചിരിക്കുന്നത്. ഒമ്പതോളം മേഖലകളില്‍ പാക്കിസ്താന്‍ രഹസ്യമായി ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ പാക് നയതന്ത്രവിഭാഗത്തിലെ ആദ്യ മേധാവി ലെഫ്റ്റ്.ജനറല്‍ ഖാലിദ് 2002ല്‍ ഇന്ത്യക്കെതിരെ ആണവായുധം ഉപയോഗിക്കുന്നതില്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നു. പാക്കിസ്താന്റെ ഭൂരിഭാഗം മേഖല ഇന്ത്യ കീഴടക്കിയാല്‍, പാക് സൈന്യത്തിന്റെയോ വ്യോമസേനയുടെയോ മുക്കാല്‍ ശതമാനം തകര്‍ത്താല്‍, സാമ്പത്തികമായി പാക്കിസ്താനെ തകര്‍ത്താല്‍, ചേരിത്തിരിവുകളുണ്ടാക്കി പാക് രാഷ്ട്രീയത്തെ മരവിപ്പിച്ചാല്‍ എന്നിവയില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു നേരെ ആണവായുധം പ്രയോഗിക്കാന്‍ പാടുള്ളൂവെന്നാണ് ആദ്യ മേധാവിയുടെ ഉത്തരവ്.

chandrika: