X

 ഒടുക്കം കോഴിക്കോട് കൈവിട്ടു; കലാ കിരീടം പാലക്കാടിന്

ആലപ്പുഴ: മഹാപ്രളയത്തെ അതിജീവിച്ച മണ്ണില്‍ മൂന്നുനാള്‍ കലയുടെ വസന്തം തീര്‍ത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറക്കം. ഓവറോൾ കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ കോഴിക്കോടിനെ മൂന്നു പോയൻ്റ് വ്യത്യാസത്തിൽ പിന്നിലാക്കി പാലക്കാട് കലാ കിരീടം ചൂടി. കഴിഞ്ഞ വർഷം തൃശൂരിൽ രണ്ടു പോയൻ്റ് വ്യത്യാസത്തിൽ നഷ്ടമായ കിരീടത്തിലാണ് ആലപ്പുഴയിൽ പാലക്കാടൻ ടീം മുത്തമിട്ടത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നീ വിഭാഗങ്ങളിലായി 930 പോയിൻ്റാണ് പാലക്കാടിൻ്റെ സമ്പാദ്യം. കോഴിക്കോട് 927 പോയിൻ്റുകൾ നേടി. 903 പോയിൻ്റോടെ തൃശൂർ മൂന്നാം പടിയിലെത്തി. പോയ വർഷത്തെ മൂന്നാം സ്ഥാനക്കാരായ കണ്ണൂർ (901) ഇത്തവണ നാലാമതായി.

തുടർച്ചയായ 12 വർഷം കുത്തകയാക്കി വെച്ചിരുന്ന കലാകിരീടമാണ് കോഴിക്കോടിന് നഷ്ടമാവുന്നത്. പാലക്കാടിൻ്റെ മൂന്നാം കിരീട നേട്ടമാണിത്. 2006ല്‍ എറണാകുളത്ത് നടന്ന കലോത്സവത്തിലാണ് പാലക്കാട് ആദ്യമായി കപ്പ് നേടുന്നത്. 2015ല്‍ കോഴിക്കോടുമായി കപ്പ് പങ്കിടുകയും ചെയ്തു. സമാപന ദിവസത്തെ മത്സരങ്ങൾ തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിക്കാണ് സമാപിച്ചത്. വേദി അഞ്ചിലെ ഹയർ സെക്കണ്ടറി മാർഗംകളിയാണ് ഏറ്റവുമൊടുവിൽ സമാപിച്ചത്. ഹൈസ്കൂൾ വിഭാഗം യക്ഷഗാന മത്സര ഫലം പുലർച്ചെ രണ്ടരയോടെ പ്രഖ്യാപിച്ചതോടെ കിരീട വിജയികളും നിശ്ചയിക്കപ്പെട്ടു. മലപ്പുറം-895, എറണാകുളം-886, ആലപ്പുഴ-870, കൊല്ലം-862 തിരുവനന്തപുരം-858, കാസര്‍ക്കോട്-839, വയനാട്-834, കോട്ടയം-829 പത്തനംതിട്ട-770, ഇടുക്കി-706 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയന്റ് നില. ഹൈസ്‌കൂള്‍ വിഭാഗത്തിൽ പാലക്കാടും (434), ഹയര്‍ സെക്കണ്ടറി വിഭാഗത്തിൽ (498) കോഴിക്കോടും ചാമ്പ്യൻമാരായി. അറബിക് സാഹിത്യോത്സവ കിരീടം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകള്‍ (95) പങ്കിട്ടു. സംസ്‌കൃതോത്സവത്തില്‍ 95 പോയന്റുകള്‍ വീതം നേടിയ പാലക്കാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ സംയുക്ത ചാമ്പ്യൻമാരായി. സംസ്ഥാന കലോത്സവത്തിൻ്റെ വജ്ര ജൂബിലി പതിപ്പിന് സപ്ത ഭാഷ സംഗമ ഭൂമിയായ കാസർകോട് ആതിഥ്യമരുളും. 1991ലാണ് കാസർക്കോട് അവസാനമായി കലോത്സവത്തിന് വേദിയൊരുക്കിയത് .

chandrika: