X

പാലാരിവട്ടം കാഹളവും കൂളിമാട്ടെ കാപട്യവും- എഡിറ്റോറിയല്‍

കേരളത്തിലെ പൊതുമരാമത്തുവകുപ്പുമായി ബന്ധപ്പെട്ട് കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന പരാതിയാണ് കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും. രണ്ടാമതും തുടര്‍ച്ചയായി അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തുന്നതെന്നും അവയിലെല്ലാം സുതാര്യത ഉറപ്പുവരുത്തുന്നുമെന്നുമായിരുന്നു വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും സി.പി.എമ്മും രായ്ക്കുരാമാനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. റോഡുകളുടെയും പാലങ്ങളുടെയും തകരാറുകളുണ്ടെങ്കില്‍ കാരണക്കാരായ ഉദ്യോഗസ്ഥരെയും കരാറുകാരെയും കയ്യോടെ പിടികൂടി ശിക്ഷിക്കുമെന്നും മറ്റും മന്ത്രി ആണയിടുന്നുണ്ടായിരുന്നു. സര്‍ക്കാറാകട്ടെ ഒട്ടുമിക്ക കരാറുകളും ഏല്‍പിച്ചത് സി.പി.എമ്മുമായി ബന്ധപ്പെട്ട സ്വകാര്യ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെയും. ഇതോടെ ഈ രംഗത്തെ ക്രമക്കേടുകളെല്ലാം അവസാനിച്ചെന്നും വകുപ്പ് ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നുമൊക്കെയാണ് പൊതുജനം കരുതിയതെങ്കില്‍ നടക്കുന്നത് മറ്റെന്തൊക്കെയോ ആണെന്നതിന് തെളിവാണ് നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍. അവയിലേറ്റവും പുതിയതും ഞെട്ടിപ്പിക്കുന്നതുമാണ് ഇന്നലെ കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയിലുണ്ടായ സംഭവം. ചാലിയാര്‍ പുഴയെ ബന്ധിപ്പിക്കുന്ന കൂളിമാട്-മപ്പുറം ഭാഗത്തെ പാലത്തിന്റെ നിര്‍മാണത്തിനിടെ മൂന്ന് ബീമുകള്‍ തകര്‍ന്നുവീണതാണ് ഇടതുസര്‍ക്കാരിന്റെയും മന്ത്രിയുടെയും അവകാശവാദങ്ങളെ അപ്പാടെ നിലംപരിശാക്കിക്കളഞ്ഞിരിക്കുന്നത്.

രാവിലെ മലപ്പുറം ഭാഗത്തെ കോണ്‍ക്രീറ്റ് പാലങ്ങള്‍ പൊക്കിവെക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ചിരുന്ന മൂന്ന് ബീമുകളിലൊന്ന് പൊട്ടിവീഴുകയായിരുന്നു. രണ്ടും മൂന്നും ബീമുകളും വൈകാതെ തകര്‍ന്നുവീണു. തൊഴിലാളികള്‍ അരികിലില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പണിപൂര്‍ത്തിയായി വരുന്ന ഘട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടം വരുത്തുന്ന ഈ അപകടം സംഭവിക്കാതിരിക്കാന്‍ എന്ത് മുന്‍കരുതലുകളാണ് കരാറുകാരായ ഊരാളുങ്കല്‍ എടുത്തിരുന്നതെന്നതിന് വ്യക്തമായ മറുപടിയില്ല. 29 കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലമാണിത്. മഴ കാരണം ബീമുകള്‍ സ്ഥാപിച്ചിരുന്ന ജാക്കികള്‍ താഴ്ന്നുപോയതാണ് അപകട കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നതെങ്കിലും അതിനിടയാക്കിയതെന്താണെന്ന് പറയാന്‍ അധികൃതര്‍ തയ്യാറല്ല. പുഴയില്‍ മഴയുടെ ഘട്ടത്തില്‍ ഇത്തരത്തില്‍ സ്പാനുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കികള്‍ താഴ്ന്നുപോകാന്‍ സാധ്യതയുണ്ടെന്ന് എന്തുകൊണ്ട് ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ അറിയാതെപോയി. ഇത്തരക്കാരെയാണോ കരാറേല്‍പിച്ചതെന്നും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ എവിടെയായിരുന്നുവെന്നും ഉത്തരം കിട്ടേണ്ടതുണ്ട്. വീണ്ടും ബീമുകള്‍ നിര്‍മിച്ചുവേണം പാലങ്ങള്‍ സ്ഥാപിക്കാന്‍. ഇതിനുള്ള ചെലവ് ആരു വഹിക്കും. ഊരാളുങ്കലിനെപറ്റി വാതോരാതെ സംസാരിക്കാറുള്ള സി. പി.എം നേതാക്കള്‍ പാലിക്കുന്ന മൗനത്തിന്റെ നാനാര്‍ത്ഥങ്ങളെന്തൊക്കെയാണ്?
ഇവക്ക് ഉത്തരം പറയും മുമ്പ് സി.പി.എമ്മും പിണറായിസര്‍ക്കാറും മറുപടി പറയേണ്ട മറ്റു ചിലത് കൂടിയുണ്ട്. ഇതേ സര്‍ക്കാറിന്റെ കീഴിലാണ് രണ്ടു വര്‍ഷം മുമ്പ് കണ്ണൂരിലെ അഞ്ചരക്കണ്ടി പുഴക്കു കുറുകെ മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നാല് കോണ്‍ക്രീറ്റ് സ്പാനുകള്‍ തകര്‍ന്നുവീണത്. 1181 കോടിയുടെ പൊതുമരാമത്ത് കരാറാണ് അതില്‍ നല്‍കിയിരുന്നത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനംചെയ്ത പ്രവൃത്തിയായിരുന്നു അത്. ഇതിനെല്ലാം മുമ്പ് കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നായി പിണറായി സര്‍ക്കാറും സി.പി.എമ്മും ഉയര്‍ത്തിക്കൊണ്ടുവന്ന ഒന്നായിരുന്നു എറണാകുളം പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിവാദം.

പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിയെന്നുപറഞ്ഞ് മുന്‍ യു.ഡി.എഫ് സര്‍ക്കാറിനെയും മുന്നണിയെയും പ്രതിക്കൂട്ടില്‍ കയറ്റുകയായിരുന്നു സി.പി.എം. കരാറുകാര്‍ സ്വന്തമായി അറ്റകുറ്റപ്പണി നടത്തിത്തരരാമെന്നേറ്റിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. കോടതിയില്‍വരെ കയറിയ പരാതി 2021ലെ നിയമസഭാതിരഞ്ഞെടുപ്പിലും മറ്റും ആവോളം പ്രയോജനപ്പെടുത്തുകയായിരുന്നു ഇടതു ലക്ഷ്യം. കോടതി നിര്‍ദേശിച്ചതനുസരിച്ച് പാലത്തിന്റെ ബലം പരിശോധിക്കാന്‍പോലും തയ്യാറാകാതെ പിന്നീട് ബി.ജെ.പിക്കാരനായ എഞ്ചിനീയറിംഗ് വിദഗ്ധന്‍ ഇ. ശ്രീധരനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയായിരുന്നു. ഒടുവില്‍ പാലം ഭാഗികമായി ബലപ്പെടുത്തി ഗതാഗതം പുന:സ്ഥാപിച്ചതോടെ വലിയൊരു അഴിമതി നാടകത്തിന്റെ മുനയൊടിയുകയുംചെയ്തു. ഇതൊക്കെയിരിക്കെയാണ് ഇന്നലത്തെ ദാരുണ സംഭവം.

കഴിഞ്ഞദിവസം കോട്ടയത്തെ റെയില്‍പാത വീതികൂട്ടല്‍ നടക്കുന്നഭാഗത്ത് വന്‍തോതില്‍ മണ്ണിടിഞ്ഞുവീണ് വലിയ ദുരന്തം ഒഴിവായതാണ്. കേരളത്തെ ലവല്‍ക്രോസില്ലാത്ത സംസ്ഥാനമാക്കുമെന്ന മന്ത്രി റിയാസിന്റെ പ്രഖ്യാപനത്തിനിടെയാണിതും. കോഴിക്കോട്ടെതന്നെ കെ.എസ്.ആര്‍.ടി.സി ഡിപ്പോനിര്‍മാണത്തിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും ഗൗനിക്കാന്‍ നിര്‍മാണം ഇടതു സര്‍ക്കാരിന്റെ കാലത്തായതിനാല്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇതിലൂടെ തെളിയുന്നത് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഗീര്‍വാണങ്ങള്‍ മാത്രമാണ്. ലജ്ജയല്‍പമെങ്കിലുമുണ്ടെങ്കില്‍ പാലാരിവട്ടവുമായി ബന്ധപ്പെട്ടുയര്‍ത്തിയ കല്ലുവെച്ച നുണകള്‍ പിന്‍വലിച്ച് മാപ്പു പറയാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും തയ്യാറാകുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. അന്വേഷണം തീരുംവരെ കൂളിമാട് കാര്യത്തില്‍ കരാറുകാര്‍ക്ക് വിലക്കുകല്‍പിക്കാനും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം.

web desk 3: