X

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നീക്കം ഐ.ഐ.ടി റിപ്പോര്‍ട്ട് മറികടന്ന്

പാലരിവട്ടം ഫ്‌ലൈഓവറിന്റെ നിര്‍മാണ പിഴവുകളെ കുറിച്ച് ഐഐടി സംഘം പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

സ്വന്തം ലേഖകന്‍
കൊച്ചി: നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്നെന്ന് ആരോപണം. ആറിനം അറ്റകുറ്റപണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നായിരുന്നു ഐ.ഐ.ടി സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെ അവഗണിച്ച് ഇ.ശ്രീധരന്റെ നിര്‍ദേശ പ്രകാരമാണ് പാലം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും ഇത് രൂക്ഷമായ ഗതാഗത കുരുക്കിനും ഖജനാവിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതും പരിശോധന നടത്തിയതും ചെന്നൈ ഐ.ഐ.ടിയാണ്. ഐ.ഐ.ടി സംഘത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ മേല്‍ത്തട്ട് കരാറുകാരന്‍ സ്വന്തം ചെലവില്‍ പാലത്തില്‍ അറ്റകുറ്റ പണികള്‍ തുടങ്ങിയിരുന്നതാണ്. ഡെക്ക് സ്ലാബ് കണ്ടിന്യൂറ്റി ജോയിന്റ് സിസ്റ്റം മാറ്റി എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ നല്‍കുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) മാനദണ്ഡ പ്രകാരം ഡക്ക് സ്ലാബ് വീണ്ടും ടാര്‍ ചെയ്യുകയും ചെയ്തു. ബിയറിങുകളും മാറ്റി സ്ഥാപിച്ചു. ഗര്‍ഡറുകളിലെ കാര്‍ബര്‍ ഫൈബര്‍ റാപ്പിങും പിയറുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവും. ഈ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാലത്തില്‍ പത്തു മുതല്‍ 20 വര്‍ഷം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടതാണ്. ഇങ്ങനെയിരിക്കെ പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു.

പാലത്തിന്റെ ഗര്‍ഡറുകള്‍ ബലപ്പെടുത്താന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് എന്ന അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് ഈ രംഗത്ത് വൈദഗ്ധ്യം തെളിയിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത പ്രൊഫ. അളകസുന്ദര മൂര്‍ത്തി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചു. എറണാകുളം ജില്ലയിലെ തന്നെ മൂവാറ്റുപുഴ-പെരിമറ്റം ആറിന് കുറുകെ ദേശീയപാതയില്‍ 70 വര്‍ഷം പഴക്കമുള്ള പാലത്തിന് തകരാറുകള്‍ പരിഹരിക്കാന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് വിദ്യ ഉപയോഗപ്പെടുത്തുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ റാപ്പിങിന് പുറമെ ഐ.ആര്‍.സി മാനദണ്ഡ പ്രകാരമുള്ള ലോഡ് ടെസ്റ്റ് കൂടി ചെയ്ത് ബല ക്ഷമത കൂടി ഉറപ്പ് വരുത്തിയാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവും.
ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ പരിഷ്‌ക്കരിച്ച ഡക്ക് സ്ലാബ് ഇപ്പോള്‍ കുറ്റമറ്റതാണെങ്കിലും പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നാണ് ഇ.ശ്രീധരന്റെ നിര്‍ദേശം. റീ ഇന്‍ഫോസ്ഡ് സിമന്റ് കോണ്‍ക്രീറ്റ് (ആര്‍.സി.സി) ഗര്‍ഡറുകള്‍ നീക്കം ചെയ്ത് പ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് (പി.എസ്.സി) ഗര്‍ഡറുകള്‍ കൊണ്ടുവന്ന് സ്ഥാപിക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ ആര്‍.സി.സി ഗര്‍ഡറുകള്‍ ഇളക്കിമാറ്റുമ്പോഴും പി.എസ്.സി ഗര്‍ഡറുകള്‍ കൊണ്ടുവന്ന് ഉറപ്പിക്കുമ്പോഴും തൂണുകളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന കാരണമാണ് പൊളിച്ചുനീക്കലിന് സര്‍ക്കാര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഒരു നിര്‍മാണവും എത്രകാലം നിലനില്‍ക്കാനാവുമെന്ന് സാങ്കേതികമായി പറയാനാവില്ലെന്ന് ഇവര്‍ പറയുന്നു. പാലങ്ങളുടെ നിര്‍മാണ മാനദണ്ഡങ്ങളില്‍ അവസാന വാക്കായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയ പാതയുടെ അതോറിറ്റിയുടെ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും കരാറുകാര്‍ വ്യക്തമാക്കി.

‘അഡ്വാന്‍സ് ആവശ്യപ്പെട്ടത് കാലാവധി കുറച്ചതിനാല്‍’

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ അഡ്വാന്‍സ് നല്‍കിയതില്‍ ദുരൂഹതയില്ലെന്ന് കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. നിര്‍മാണ കാലാവധി 24 മാസത്തില്‍ നിന്നും 18 മാസമായി കുറയ്ക്കണമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തീരുമാനിച്ചത് കൊണ്ടാണ് കരാറുകാരന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടത്. ബാങ്ക് ഗ്യാരന്റിയും ഏഴു ശതമാനം പലിശയും ഈടാക്കിയാണ് അഡ്വാന്‍സ് നല്‍കിയത്. അഡ്വാന്‍സ് തുകയും പലിശയും പൂര്‍ണമായും തിരിച്ചടച്ച് കരാറുകാരന്‍ ബാങ്ക് ഗ്യാരണ്ടി തിരികെ വാങ്ങിയിട്ടുമുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ മുന്‍കൂറായി നല്‍കിയ നൂറ് കോടിയിലേറെ രൂപ ഇപ്പോഴും കിട്ടാകടമായി ഉണ്ടെന്നും സര്‍ക്കാര്‍ കരാറുകാര്‍ പറഞ്ഞു.

chandrika: