X
    Categories: CultureViews

അമേരിക്കക്കു പകരം റഷ്യയും ചൈനയും; പ്രശ്‌ന പരിഹാരത്തിന് നിര്‍ണായക നീക്കവുമായി ഫലസ്തീന്‍

ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ജറൂസലമിലെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്സിന് തങ്ങളും ഇസ്രാഈലും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാന്‍ ധാര്‍മിക അവകാശമില്ലെന്നു വ്യക്തമാക്കിയ അബ്ബാസ് റഷ്യയുടെയും ചൈനയുടെയും പിന്തുണ തേടുകയാണ്. ഇതിന്റെ ഭാഗമായി റഷ്യന്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍ക്കായി ഫലസ്തീന്‍ സംഘം മോസ്‌കോയിലെത്തി. താമസിയാതെ ഇവര്‍ ചൈനയും സന്ദര്‍ശിക്കും.

2014-നു ശേഷം മുടങ്ങിക്കിടക്കുന്ന ഇസ്രാഈല്‍ – ഫലസ്തീന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ഫലസ്തീന്‍ രാഷ്ട്ര നിര്‍മാണം എന്ന ‘അന്തിമ’ ലക്ഷ്യം കൈവരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഇതിനോട് ഗുണപരമായി പ്രതികരിക്കുന്നതിനിടെയാണ് ജറൂസലം വിഷയത്തില്‍ ട്രംപ് ഏകപക്ഷീയമായി വിവാദ തീരുമാനമെടുത്തത്.

സമാധാന ചര്‍ച്ചകളില്‍ ഇനിമേലില്‍ അമേരിക്ക മധ്യസ്ഥം വഹിക്കേണ്ടതില്ലെന്നും ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ ‘നിഷ്പക്ഷത’ ബോധ്യപ്പെട്ടതായും അബ്ബാസ് പറഞ്ഞു. ‘പങ്കാളിയായോ മധ്യസ്ഥനായോ അമേരിക്കയെ അനുവദിക്കുന്നത് ആരായാലും അവര്‍ വിഡ്ഢികളാണ്’ – അദ്ദേഹം പറഞ്ഞു.

അമേരിക്കക്കു പകരം സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥരാവാന്‍ റഷ്യയോയും ചൈനയോടും അഭ്യര്‍ത്ഥിക്കുകയാണ് ലക്ഷ്യമെന്ന് മോസ്‌കോ സന്ദര്‍ശിക്കുന്ന ഫലസ്തീന്‍ നയതന്ത്ര സംഘത്തിലെ അംഗം സാലിഹ് റഅഫത്ത് പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള പ്രശ്‌ന പരിഹാര ശ്രമങ്ങളുമായി മുന്നോട്ടു പോകും. ‘ഞങ്ങള്‍ ഇപ്പോള്‍ റഷ്യയിലാണ്. ഉടന്‍ തന്നെ ചൈനയിലേക്ക് പോകും. യു.എന്നിനു കീഴില്‍ അന്താരാഷ്ട്ര പിന്തുണയോടെ സമാധാന ചര്‍ച്ച നടത്തേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തും.’ റഅഫത്ത് പറഞ്ഞു. അധികം വൈകാതെ മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കി പ്രഖ്യാപിച്ചതിനെ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ഉക്രെയ്ന്‍ തുടങ്ങിയ അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങളെല്ലാം പ്രമേയത്തില്‍ ഫലസ്തീനെ അനുകൂലിക്കുകയാണുണ്ടായത്. ഈജിപ്ത് കൊണ്ടുവന്ന പ്രമേയത്തില്‍ അമേരിക്കയെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ജറൂസലത്തിന്റെ പദവി മാറ്റത്തിലുള്ള എതിര്‍ത്ത് രേഖപ്പെടുത്തിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: