X

ഇസ്രാഈലിനുള്ള അംഗീകാരം ഫലസ്തീന്‍ പുനഃപരിശോധിക്കുന്നു

 

റാമല്ല: ഇസ്രാഈലിനെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കാന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) സെന്‍ട്രല്‍ കൗണ്‍സില്‍ ആലോചിക്കുന്നു. കിഴക്കന്‍ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രാഈലിനെയും അംഗീകരിക്കേണ്ടതില്ലെന്നാണ് ഫലസ്തീന്‍ നേതാക്കളുടെ തീരുമാനം.

ഫലസ്തീനിലെ രണ്ടാമത്തെ ഏറ്റവും വലിയ നയനിര്‍മാണ സമിതിയാണ് പി.എല്‍.ഒ സെന്‍ട്രല്‍ കൗണ്‍സില്‍. 1990കളുടെ ആദ്യത്തില്‍ ഇസ്രാഈലുമായി ഒപ്പുവെച്ച ഓസ്ലോ കരാറിന് ഇനി നിലനില്‍പ്പില്ലെന്നും കൗണ്‍സില്‍ യോഗത്തിനുശേഷം പുറത്തുവിട്ട അന്തിമ പ്രസ്താവനയില്‍ പറയുന്നു. ഇസ്രാഈലുമായുള്ള എല്ലാ വിധത്തിലുള്ള സുരക്ഷാ സഹകരണവും നിര്‍ത്തിവെക്കാനും പി.എല്‍.ഒ തീരുമാനിച്ചു. ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും അവിടേക്ക് എംബസി മാറ്റുകയും ചെയ്യുന്ന രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍
പി.എല്‍.ഒ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ, ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ട്രംപിന്റെ സമാധാന പദ്ധതിയെ തള്ളിക്കളഞ്ഞു.

ഫലസ്തീനിന്റെ മുഖത്തടിച്ചുകൊണ്ടുള്ള ഒരു കരാറും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അന്തിമ പ്രസ്താവനയില്‍ നിരവധി അവ്യക്തതകളുണ്ടെന്ന് ഫലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു. ഓസ്ലോ കരാര്‍ അവസാനിച്ചുവെന്ന പ്രഖ്യാപനത്തിലാണ് പ്രധാനമായും അവ്യക്തത നിലനില്‍ക്കുന്നത്. 1988ല്‍ ഇസ്രാഈലിനെ പി.എല്‍.ഒ ഔദ്യോഗികമായി അംഗീരിച്ച ശേഷം ഒപ്പുവെച്ച ഓസ്ലോ കരാറുകള്‍ ഫലസ്തീന് കനത്ത നഷ്ടമാണുണ്ടാക്കിയത്. 1993ലും 1995ലും ഒപ്പുവെച്ച കരാറുകള്‍ പ്രകാരം ഫലസ്തീന്‍ സമ്പദ്ഘടനക്കു മുകളിലും വെസ്റ്റ്ബാങ്കിന്റെ 60 ശതമാനത്തിലേറെ സിവില്‍, സുരക്ഷാ കാര്യങ്ങളിലും ഇസ്രാഈലിന് സമ്പൂര്‍ണ നിയന്ത്രണം ലഭിച്ചു. ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈല്‍ അധിനിവേശം ശക്തമായതും ഓസ്ലോ കരാറിനു ശേഷമാണ്. ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുലക്ക് തന്നെ അത് തിരിച്ചടിയായി. ഇപ്പോള്‍ ആറു ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ ഇസ്രാഈല്‍ പൗരന്മാര്‍ അധിനിവിഷ്ട ഫലസ്തീനിലാണ് ജീവിക്കുന്നത്. ഇസ്രാഈല്‍ പട്ടാളക്കാരുടെ സംരക്ഷണത്തില്‍ ഫലസ്തീനികളുടെ സ്വകാര്യ ഭൂമി മുഴുവന്‍ ഇസ്രാഈല്‍ പൗരന്മാര്‍ കൈയേറിയിരിക്കുകയാണ്.

chandrika: