X

ആദ്യം അവസാനിപ്പിക്കേണ്ടിയിരുന്നത് വിമാകമ്പനികളുടെ കൊള്ള: കെ.പി.എ മജീദ്

കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി ഘട്ടം ഘട്ടമായി പത്തു വര്‍ഷത്തിനകം നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ധൃതി പിടിച്ച് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധതയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് നടത്തുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഹജ്ജ് കപ്പല്‍ സര്‍വ്വീസ് നിര്‍ത്തലാക്കി ചെലവ് കൂടിയ വിമാനയാത്രയാക്കിയയപ്പോള്‍ 1974ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സമാശ്വാസമായി സബ്‌സിഡിക്ക് തുടക്കം കുറിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ പൂര്‍ത്തീകരിച്ച് അപേക്ഷ ക്ഷണിക്കലും കഴിഞ്ഞ തെരെഞ്ഞെടുപ്പ് ഏറെകുറെ പൂര്‍ത്തിയായപ്പോഴാണ് പൊടുന്നനെയുള്ള പ്രഖ്യാപനം. ഇത് ഈ വര്‍ഷം ഹജ്ജിന് പോകുന്ന 1.70 ലക്ഷം തീര്‍ഥാടകരെ വലിയ തോതില്‍ ബാധിക്കും. വിമാനക്കമ്പനികളുടെ കഴുത്തറുപ്പന്‍ നിരക്കിന് കടിഞ്ഞാണിടാതെ ഏകപക്ഷീയമായി ഥൃതിപിടിച്ച് സബ്‌സിഡി നിര്‍ത്തുന്നതായ പ്രഖ്യാപനം തെറ്റിദ്ധാരണ പരത്തുന്നതാണ്.
ഹജ്ജ് യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ മറ്റൊരു കാലത്തുമില്ലാത്ത കൊള്ള നിരക്കാണ് ഈടാക്കുന്നത്. അത്തരം ചൂഷണത്തിന്റെ പ്രഹരം കുറക്കുമെന്ന ആശ്വാസമായി മാത്രമായി സമീപകാലത്ത് ഹജ്ജ് സബ്‌സിഡി പരിമിതപ്പെട്ടിരുന്നു. വിമാന കമ്പനികളില്‍ നിന്ന് ആഗോള ടെണ്ടര്‍ ക്ഷണിച്ച് കുറഞ്ഞ നിരക്ക് സാധ്യമാക്കിയാല്‍ മാത്രം ഇപ്പോഴത്തെ സബ്‌സിഡിയെക്കാള്‍ തീര്‍ത്ഥാടകര്‍ക്ക് ഗുണം ചെയ്യും.
പുതിയ ഹജ്ജ് നയം രൂപീകരിക്കുമ്പോള്‍ അക്കാര്യവും പരിശോധിക്കണമെന്നും മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുളള സംഘടനകളും ജന പ്രതിനിധികളും ആവശ്യപ്പെട്ടു വരികയായിരുന്നു. എഴുനൂറ് കോടിയോളം രൂപ സബ്‌സിഡി നല്‍കിയിരുന്നേടത്തു നിന്ന് ക്രമേണ കുറച്ച് കഴിഞ്ഞ വര്‍ഷം 450 കോടി രൂപയാണ് സബ്‌സിഡിക്കായി സര്‍ക്കാര്‍ നീക്കിവെച്ചത്. ഹജ്ജ് സബ്‌സിഡി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരും സുപ്രീം കോടതിയില്‍ പോയിരുന്നില്ല. ചൂഷണ മുക്തമാക്കി പൗരന്മാരോട് നീതി കാണിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് ചെവികൊടുക്കാതെയുള്ള എടുത്തുചാട്ടം പ്രതിഷേധാര്‍ഹമാണ്.
സബ്്‌സിഡി തുക മുസ്്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി വിനിയോഗിക്കുമെന്ന കേന്ദ്ര ഹജ്ജ് മന്ത്രിയുടെ പ്രഖ്യാപനവും ശുദ്ധ തട്ടിപ്പാണ്. രാജ്യത്തെ പൗരന്മാരായ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. മുസ്്‌ലിം ന്യൂനപക്ഷ ദളിത് ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ പോലും യഥാവിധി നടപ്പാക്കാതെ പുറം തിരിഞ്ഞ് നില്‍ക്കുന്നവരുടെ പൊയ്മുഖമാണ് വ്യക്തമായതെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാണിച്ചു.

chandrika: