X

കോഴിക്കോട്ടേക്ക് കണ്ടെയ്‌നര്‍വഴി കടത്താന്‍ ശ്രമിച്ച വന്‍ പാന്‍മസാല ശേഖരം പിടികൂടി

കാസര്‍ക്കോട് ചട്ടഞ്ചാല്‍ ദേശീയപാതയില്‍ കണ്ടയ്‌നറില്‍ കടത്താന്‍ ശ്രമിച്ച വന്‍പാന്‍ മസാല ശേഖരം പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി സിദ്ധലിംഗപ്പ (39)യെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ഐ.ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ മേല്പറമ്പ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാര്‍ഗോ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പാന്‍മസാല ശേഖരമാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ ചാക്കു കെട്ടുകളിലായി സൂക്ഷിച്ച 31,800 നിരോധിത പാന്‍മസാല പുകയില ഉല്പന്നങ്ങള്‍ അടങ്ങിയ പാക്കറ്റുകള്‍ പിടികൂടി കേരള പൊലീസ് ആക്റ്റ് പ്രകാരം കേസെടുത്തു. മംഗലാപുരം ഭാഗത്തു നിന്നും കൊച്ചിയിലേക്ക് കമ്പനി പാര്‍സല്‍ കൊണ്ടുപോകുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ക്യാബിനിലാണ് പാന്‍മസാലകള്‍ ഒളിപ്പിച്ചിരുന്നത്.

പാന്‍മസാലകള്‍ മംഗലാപുരത്തുനിന്ന് ഒരാള്‍ കയറ്റിവിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാല്‍ തനിക്ക് 3000 രൂപ തരാമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാന്‍മസാല കടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പാര്‍സല്‍ കമ്പനികളുടെ അറിവോടെയല്ല ഡ്രൈവര്‍മ്മാര്‍ ഇത്തരത്തിലുള്ള അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു. ലഹരികടത്തുകള്‍ പിടിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ല പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേന ഐ.പി.എസ് മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും കര്‍ശനമായ പരിശോധന വേണമെന്ന് ഉത്തരവ് നല്‍കിയിരുന്നു. പരിശോധന ഇനിയും തുടരും.

webdesk14: