X

പനാമരേഖകള്‍; നവാസ് ഷെരീഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്താന്‍ സുപ്രീംകോടതി; രാജിയില്ലെന്ന് സൂചന

ഇസ്ലാമാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്താന്‍ സുപ്രീം കോടതി വിധി. പനാമപേപ്പര്‍ ചോര്‍ച്ചയിലാണ് നവാസ് ഷെരീഫിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വന്നത്. ഷെരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇംറാന്‍ഖാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.

ഷെരീഫിനൊപ്പം മക്കള്‍ രണ്ടുപേര്‍ക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മക്കള്‍ രണ്ടുപേരും കോടതിക്കു മുന്നില്‍ ഹാജരാകണം. ലണ്ടനില്‍ കള്ളപണത്തിലൂടെ ഫ്‌ലാറ്റും സ്വത്തുവകകളും വാങ്ങിയെന്നാണ് കേസ്. രണ്ടുമാസത്തിനകം സംയുക്ത അന്വേഷണ സംഘത്തിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സുപ്രീം കോടതി സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നവാസ് ഷരീഫ് രാജിവെച്ച് അന്വേഷണം നേരിടണമെന്നായിരുന്നു ഊഹാപോഹങ്ങള്‍. എന്നാല്‍ രാജിയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.

നവാസ് ഷരീഫ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തെറ്റായി ഒന്നും ചെയ്തില്ലെന്ന നിലപാടിലാണ് ഷെരീഫ്.

chandrika: