X

ഭര്‍ത്താവ് ഉപേക്ഷിച്ചു: സുഷമാ സ്വരാജിനോട് പഞ്ചാബുകാരിയുടെ സഹായാഭ്യര്‍ഥന

ചണ്ഡിഗഢ്: ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്ന് കാണിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് 29കാരിയായ പഞ്ചാബ് സ്വദേശിനിയുടെ സഹായമഭ്യര്‍ഥന. ന്യൂസിലന്റില്‍ നിന്ന് ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാന്‍ സഹായം ചെയ്യണമെന്നാണ് അഭ്യര്‍ഥനയിലുള്ളത്.

കപുര്‍ത്തല സ്വദേശിനി ചന്ദ് ദീപ് കൗര്‍ ആണ് ഭര്‍ത്താവ് രമണ്‍ദീപ് സിങിനെ നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. വിവാഹത്തിന് ശേഷം തന്നെ ഉപേക്ഷിച്ച് ഭര്‍ത്താവ് രമണ്‍ദീപ് സിങ് ന്യൂസിലാന്റിലേക്ക് പോയി. രമണ്‍ദീപിന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യണമെന്നും ചന്ദ് ദീപി കൗര്‍ ആവശ്യപ്പെടുന്നു. ഭാര്യമാരെ വഞ്ചിച്ച് വിദേശത്തേക്ക് കടന്നുകളയാന്‍ ഇനിയാരും ധൈര്യപ്പെടരുത് എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇത്തരക്കാരെ ശിക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നും ചന്ദ് ദീപ് കൗര്‍ പറയുന്നു.

സഹായാഭ്യര്‍ഥനയെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രമണ്‍ദീപ് സിങ് തിരിച്ചെത്തി വിവാഹമോചനം നേടിയെടുത്ത് വേണം എന്റെ ജീവിതത്തിന് ആശ്വാസം കണ്ടെത്താന്‍ എന്ന് പരാതിക്കാരിയായ ചന്ദ് ദീപ് കൗര്‍ പറഞ്ഞതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ജൂലൈയില്‍ ഓക്കലന്‍ഡില്‍ അക്കൗണ്ടന്റായി ജോലി നോക്കവെയാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്. ”വിവാഹം കഴിഞ്ഞയുടന്‍ ആഗസ്റ്റില്‍ തന്നെ രമണ്‍ദീപ് ന്യൂസിലാന്റിലേക്ക് തിരിച്ചുപോയി. ഞാന്‍ ജലന്ധറിലെ കുടുംബവീട്ടില്‍ തന്നെ കഴിയേണ്ടി വന്നു. ഇതിനിടെ 2015 ഡിസംബറില്‍ തിരിച്ചുവന്നെങ്കിലും 2016 ജനുവരിയില്‍ രമണ്‍ദീപ് വീണ്ടും ന്യൂസിലാന്റിലേക്ക് പോയി”- ചന്ദ് ദീപ് കൗര്‍ വ്യക്തമാക്കുന്നു.

”40-45 ദിവസം മാത്രമാണ് ഞാന്‍ ഭര്‍ത്താവുമായി കഴിഞ്ഞിട്ടുള്ളൂ. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ഞാന്‍ എന്റെ വീട്ടുകാരോടൊപ്പം പോവണമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്”- പഞ്ചാബുകാരി പറഞ്ഞു.

ഇതിനെത്തുടര്‍ന്ന് 2016 ആഗസ്റ്റില്‍ ഭര്‍ത്താവിനെതിരെ ചന്ദ് ദീപ് കൗര്‍ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. രമണ്‍ദീപിനെതിരായ ലുക്ക് ഔട്ട് നോട്ടീസും പുറത്തുവിട്ടിരുന്നതായും പരാതിക്കാരിയായ ചന്ദ് ദീപ് കൗര്‍ പറഞ്ഞു.

chandrika: