X

പാനൂര്‍ സ്‌ഫോടനം: അന്വേഷണം നേതാക്കളിലേക്ക് നീളില്ല

പാനൂർ സ്‌ഫോടനക്കിൽ അന്വേഷണം നേതാക്കളിലേക്ക് നീളില്ലെന്ന് വ്യക്തമാകുന്നു. കേസ് ഒതുക്കിത്തീർക്കാൻ അണിയറയിൽ തിരക്കിട്ട നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിർദ്ദേശമില്ല. എഫ്‌ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണുളളത്. പൊലീസ് അന്വേഷണത്തെ കുറിച്ചും യുഡിഎഫ് അടക്കം പരാതി ഉയർത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിർമ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ ഇതേപ്പറ്റി അന്വേഷിക്കുന്നില്ല.

ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം പ്രവർത്തകനായ യുവാവ് കൊല്ലപ്പെട്ടത്. മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും പൊലീസിന് നിർദ്ദേശം നൽകിയിട്ടില്ല. സംഘത്തിൽ ഉള്ളവരിൽ രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിൻ, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദേശ്യത്തോടെ ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്‌ഐആറിലുളളത്.

പരിക്കേറ്റവർ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ല. ലോട്ടറി കച്ചവടക്കാരനായ മനോഹരന്റെ പണിതീരാത്ത വീട്ടിലാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. പാർട്ടി പ്രാദേശിക നേതാവിന്റെ മകനുൾപ്പെടുന്ന സംഘമാണ് ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടത്. ആർക്ക് വേണ്ടിയാണ് ബോംബുണ്ടാക്കിയതെന്നോ മറ്റുളളവരുടെ പശ്ചാത്തലമെന്താണെന്നോ പോലീസ് അന്വേഷിക്കുന്നില്ല.

webdesk14: