X

പറവൂര്‍ പീഡന കേസ്: പിതാവിന് 10 വര്‍ഷം കഠിന തടവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിന തടവ്. പിതാവിനെ കൂടാതെ ഇടനിലക്കാരി ചേര്‍ത്തല തൈക്കാട്ടുശ്ശേരി പൂച്ചാക്കല്‍ കല്ലുങ്കല്‍ വീട്ടില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിനി ഖദീജയെ (61) രണ്ട് വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. കേസില്‍ വിചാരണ നേരിട്ട മറ്റ് അഞ്ച് പ്രതികളെ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.

രണ്ടാം പ്രതിയായ പെണ്‍കുട്ടിയുടെ മാതാവ്, മൂന്നാം പ്രതി ആലപ്പുഴ കാക്കാഴം പുതുവല്‍ വീട്ടില്‍ സീനത്ത് (46), പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി വാങ്ങിയ കുന്നത്തുനാട് മഴുവന്നൂര്‍ നെല്ലാട് പുല്‍പ്രയില്‍ തോമസ് വര്‍ഗീസ് (52), കുന്നത്തുനാട് ഐരാപുരം മംഗലത്ത് മൂലേക്കുടി വീട്ടില്‍ സ്വരാജ് (41), കുന്നത്തുനാട് പുത്തന്‍കുരിശ് കറവന്‍കുടി വീട്ടില്‍ എല്‍ദോ കെ.മാത്യു (49) എന്നിവരെയാണ് വെറുതെ വിട്ടത്. 2010 ജൂണില്‍ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിച്ച പെണ്‍കുട്ടിയെ 10,000 രൂപ പ്രതിഫലം വാങ്ങി മൂന്നും നാലും പ്രതികള്‍ വഴി അഞ്ചും ആറും ഏഴും പ്രതികള്‍ക്ക് കൈമാറി.

തുടര്‍ന്ന് അഞ്ച് മുതല്‍ ഏഴ് വരെ പ്രതികള്‍ തിരുവനന്തപുരത്ത് ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍, പീഡിപ്പിച്ച മൂന്ന് പ്രതികളെയും പെണ്‍കുട്ടി തിരിച്ചറിയാത്ത സാഹചര്യത്തിലാണ് ഇവരെ വെറുതെ വിട്ടത്. പത്ത് വര്‍ഷം കഠിന തടവിന് പുറമെ ഒന്നാം പ്രതി 50,000 രൂപയും നാലാം പ്രതി 20,000 രൂപയും പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.

കോവിഡ് പശ്ചാത്തലത്തില്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതിയെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. മറ്റ് പ്രതികള്‍ നേരിട്ട് ഹാജരായിരുന്നു. നേരത്തേ പലതവണ നടന്ന വിചാരണയില്‍ ജീവപര്യന്തം തടവ് അടക്കം ശിക്ഷ ലഭിച്ച ഒന്നാം പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

 

web desk 3: