X
    Categories: indiaNews

മോദി ഭവനമല്ല പാര്‍ലമെന്റ് മന്ദിരമാണ്; പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സംഘ്പരിവാര്‍ പരിപാടിയാക്കി മാറ്റാനുള്ള നീക്കമാണ്

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സംഘ്പരിവാര്‍ പരിപാടിയാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്. ഇത് പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണ്. ഗാന്ധി വധക്കേസില്‍ പ്രതിയായിരുന്ന വി.ഡി സവര്‍കറുടെ ജന്മവാര്‍ഷികദിനമായ മെയ് 28ന് ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ തഴഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഉദ്ഘാടകന്‍. ഭരണഘടന പ്രകാരം രാഷ്ട്രത്തിന്റെ തലവനായ രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കുന്നതും ഓരോ വര്‍ഷത്തെയും സമ്മേളനത്തിന് അഭിസംബോധനയോടെ തുടക്കമിടുന്നതും ബില്ലുകള്‍ക്കും മറ്റും അംഗീകാരം നല്‍കുന്നതും രാഷ്ട്രപതിയാണ്. ഭരണഘടനപ്രകാരം പുതിയ പാര്‍ലമെന്റുമായി ബന്ധപ്പെട്ട എന്തും നിര്‍വഹിക്കേണ്ടത് രാഷ്ട്രപതിയാണ്. എന്നാല്‍, ഇവിടെ തറക്കല്ലിട്ടതും ദേശീയ ചിഹ്നം സ്ഥാപിച്ചതും ഇപ്പോള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതുമെല്ലാം പ്രധാനമന്ത്രിതന്നെയാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ചടങ്ങിലേക്ക് ക്ഷണം പോലുമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മുന്‍ രാഷ്ട്രപതിയേയും ഒഴിവാക്കിയിട്ടുണ്ട്. ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് ഉദ്ഘാടനത്തിന് ഏറ്റവും അര്‍ഹന്‍. ആദിവാസി സമൂഹത്തില്‍നിന്നുള്ള രാഷ്ട്രപതി നമുക്കുണ്ടായിട്ടും എല്ലാം പ്രധാനമന്ത്രിതന്നെ നിര്‍വഹിക്കണമെന്ന് വാശിപിടിക്കുന്നത് അല്‍പത്തരമായേ കാണാനാവൂ. രാഷ്ട്രപതിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ഉദ്ഘാടനത്തിന് ക്ഷണക്കത്തയപ്പിച്ചത് ലോക്‌സഭ സ്പീക്കറെ കൊണ്ടാണ്. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന നടപടിയാണിതെല്ലാം.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി മഹാത്മാക്കളുള്ള രാജ്യമാണ് നമ്മുടേത്. അവരുടെ കഷ്ടപ്പാടും ജയില്‍വാസവും ഇച്ഛാശക്തിയും സഹിഷ്ണുതയുമെല്ലാംകൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് പട്ടേല്‍, തുടങ്ങി നിരവധി പേരാണ് ഈ ഗണത്തിലുള്ളത്. അവരുടെ ആരുടെയെങ്കിലും ജന്മദിനമോ മരണദിനമോ തിരഞ്ഞെടുക്കാതെ ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറുടെ ജന്മദിനംതന്നെ തിരഞ്ഞെടുത്തത് ദുരുദ്ദേശ്യത്തോടെയാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും വഹിക്കാത്തയാളാണ് സവര്‍ക്കര്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ചയാളാണ് അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവര്‍ഗീയാശയങ്ങള്‍ മനസില്‍ കൊണ്ടുനടന്നിരുന്ന വ്യക്തി മാത്രമാണ്. നാസിക് ജില്ലാ കലക്ടറായിരുന്ന എ.എം.ടി ജാക്‌സണെ വധിച്ചവര്‍ക്ക് ആയുധം എത്തിച്ചുനല്‍കിയ കേസില്‍ 1910 മാര്‍ച്ച് 13നു അറസ്റ്റിലായ സവര്‍കറെ രാജ്യദ്രോഹം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ബ്രിട്ടനില്‍ നിന്നും നാടുകടത്തുകയായിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച് കടലില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെടുകയും തുടര്‍ന്ന് പിടിയിലായ സവര്‍കര്‍ 1911 ജൂലൈ 4നു പോര്‍ട്ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെടുകയുമായിരുന്നു. ക്ലാസ് 3 ഡി തടവുകാരനായി ജയിലില്‍ എത്തിയ സവര്‍ക്കറെ ആറുമാസത്തെ ഏകാന്തതടവിന് വിധിച്ചു. ഏകാന്തതടവ് ഇളവു ചെയ്യാന്‍, ജയിലിലടക്കപ്പെട്ട് അമ്പത്തിയഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ (1911 ഓഗസ്റ്റ് 30നു) മാപ്പപേക്ഷ സമര്‍പിക്കുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1913 നവംബര്‍ 14ന് രണ്ടാമത്തെ ദയാഹര്‍ജി സമര്‍പ്പിച്ചു. ബ്രിട്ടീഷ്‌സാമ്രാജ്യത്തിനോടുള്ള വിധേയത്വം കനക്കുന്ന ഭാഷയിലാണ് സവര്‍കറിന്റെ എഴുത്തുകള്‍. സ്വാതന്ത്ര്യസമരത്തെയും അതില്‍ പങ്കെടുത്തവരെയും ചെറുതാക്കികാണിച്ചും മറ്റും സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമമാണ് മാപ്പപേക്ഷയിലെ ഓരോ വാചകത്തിലും പ്രതിഫലിക്കുന്നത്. പിന്നീട്, ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെട്ട സമയത്ത് 1914 സെപ്തംബര്‍ 14നു ബ്രിട്ടീഷ് ഗവണ്മെന്റിനു സഹായ വാഗ്ദാനങ്ങളോടെ സവര്‍കര്‍ മൂന്നാമത്തെ മാപ്പപേക്ഷ സമര്‍പ്പിച്ചു. 1917 ഒക്‌ടോബര്‍ 2, 1920 ജനുവരി 24, അതേ വര്‍ഷം മാര്‍ച്ച് 30 എന്നിങ്ങനെ സവര്‍കറിന്റെ അപേക്ഷകള്‍ വന്നുകൊണ്ടേയിരുന്നു. അഞ്ചു തവണയും മാപ്പപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്. ഓരോ തവണയും മാപ്പപേക്ഷയില്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് വീണ്ടും മാപ്പ് എഴുതേണ്ടിവന്നത്. ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടുവച്ച എല്ലാ ഉപാധികളും അംഗീകരിക്കാന്‍ തയ്യാറായ സവര്‍കറിനെ ഒടുവില്‍ 1921 മെയ് 2ന് സെല്ലുലാര്‍ ജയിലില്‍നിന്നു വിട്ടയച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും സഹപ്രവര്‍ത്തകരെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് സവര്‍കര്‍ തടവറയില്‍നിന്ന് മോചനം നേടിയത്.
ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്. ഡോ. അംബേദ്കറെ പോലെ ഇന്ത്യന്‍ ഭരണഘടനയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരും നിരവധിയുണ്ട്. അവരെയെല്ലാം മറന്നാണ് സവര്‍കര്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംഘ്പരിവാര്‍ നീക്കം. ഭരണഘടനാസ്ഥാപനങ്ങളെ ചൊല്‍പടിക്കുനിര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് കുറേ നാളുകളായി സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. അതിന്റെ ഭാഗമായിവേണം ഈ ഉദ്ഘാടനത്തേയും കാണേണ്ടത്.

Chandrika Web: