X

സഭ പ്രക്ഷുബ്ധം; രാഹുലിന് സംസാരിക്കാന്‍ കഴിഞ്ഞില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതിയെകുറിച്ച് വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ സംസാരിക്കാന്‍ സാധിച്ചില്ല. നോട്ടു അസാധുവാക്കല്‍, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മോദിക്കെതിരായ രാഹുലിന്റെ ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതോടെ സഭ പിരിഞ്ഞിരിക്കുകയാണ്. സഭ ആരംഭിച്ച ഉടന്‍ നോട്ടുഅസാധുവാക്കല്‍ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയം കൊണ്ടുവന്നതോടെ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു. പിന്നാലെ അഗസ്റ്റാ വെസ്റ്റ്‌ലാന്റ് വിഷയത്തിലെ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സഭ ചര്‍ച്ച ചെയ്യണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കത്തിന് വഴിയൊരുക്കി.

പ്രധാനമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സഭയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ശ്രദ്ധാകേന്ദ്രം. സ്ഥിതി വിലയിരുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാവിലെ യോഗം ചേര്‍ന്നിരുന്നു. അതിനിടെ സഭ ചേരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, അനന്ത്കുമാര്‍, മനോഹര്‍ പരീക്കര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

chandrika: