X

പാര്‍ട്ടിയും സര്‍ക്കാരും രണ്ട് വഴിക്ക്; ഇന്ധന സെസ് സി.പി.എം വിഭാഗീയതക്ക് ആക്കം കൂട്ടുന്നു

CPIM FLAG

തിരുവനന്തപുരം: ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സി.പി.എം വിഭാഗീയയിലും ഇടംനേടുന്നു. നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി അകല്‍ച്ചയിലുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ബജറ്റ് തീരുമാനത്തെ പാടെ തള്ളുകയാണ്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ കൈവശം വെച്ചിരുന്ന പിണറായിയുടെ ശൈലിയുടെ എം.വി ഗോവിന്ദന്‍ തിരുത്തുകയാണ്. അടുത്തിടെയുണ്ടായ പില വിവാദവിഷയങ്ങളിലും പാര്‍ട്ടി സര്‍ക്കാരിനൊപ്പമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയ വില വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ഇത് പാര്‍ട്ടിയിലോ മുന്നണിയിലോ ആലോചിച്ചതല്ലെന്നാണ് എം.വി ഗോവിന്ദന്റെയും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷം സര്‍ക്കാര്‍ എടുക്കുന്ന നയപരമായ പല കാര്യങ്ങളും പാര്‍ട്ടി നേതൃത്വം അറിയുന്നില്ലെന്ന പരാതിയുണ്ട്. ഇന്ധനവില വര്‍ധന ജനങ്ങളെ കാര്യമായി ബാധിക്കുമെന്ന് തന്നെയാണ് ഇരുവരും പറയുന്നത്. വര്‍ധന പുന:പരിശോധിക്കുന്നതിന് പാര്‍ട്ടി ഇടപെടല്‍ നടത്തുമെന്ന സൂചന എം.വി.ഗോവിന്ദന്റെ വാക്കുകളിലുണ്ട്. ബജറ്റിലേത് നിര്‍ദ്ദേശം മാത്രമാണെന്നും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത്. പാര്‍ട്ടിയുമായി ആലോചിക്കാതെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എടുക്കുന്ന പല തീരുമാനങ്ങളും പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ടെന്ന അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അടുത്തിടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം സര്‍ക്കാറിനോട്

ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. പാര്‍ട്ടി അറിയാതെയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്ന് എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിരുന്നു.സര്‍ക്കാറില്‍ പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റക്കാണ്. മറ്റ് മന്ത്രിമാര്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അതേപടി അനുസരിക്കുകയാണ് ചെയ്യുന്നത്. വളരെ നിര്‍ണായകമായ തീരുമാനങ്ങള്‍ പോലും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ പലപ്പോഴും പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. സി.പി.എമ്മിന്റെ സംഘടനാ രീതിയനുസരിച്ച് പാര്‍ട്ടിയുടെ നയമാകണം സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അത്തരം കടുംപിടുത്തത്തിന് തയാറായിരുന്നില്ല. എന്നാല്‍ എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പദവി പൂര്‍ണതോതില്‍ വിനിയോഗിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

webdesk11: