X

പി.കെ. ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ലെന്ന് ; പരാതിക്കാരിയെ ‘ശശിയാക്കി’ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

 

ലെജു കല്ലൂപ്പാറ
തിരുവനന്തപുരം

ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് കവചം തീര്‍ക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഡി.വൈ.എഫ്.ഐ നേതാവായ പരാതിക്കാരി ക്കെതിരായ ദുസൂചനകള്‍ക്കാണ് മന്ത്രി എം.കെ.ബാലനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കുന്നത്. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമുളള കമ്മീഷന്‍ ശുപാര്‍ ശയുടെ അടിസ്ഥാനത്തില്‍ ശശിയെ ആറുമാസത്തേക്ക് സംസ്ഥാന കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന അഭ്യൂഹത്തിനിടെയാണ് അന്വേഷ കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നത്.
സി.പി.എം മണ്ണാര്‍ക്കാട് എരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് ശശി മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. ഓഫീസിലേക്ക് വിളിച്ചു വരുത്തി, നിര്‍ബന്ധിച്ച് 5000 രൂപ ഏല്‍പ്പിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു യുവതി പ്രധാനമായും പരാതിയില്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അന്വേഷണ റിപ്പോര്‍ട്ടില്‍ ഖണ്ഡിക്കുന്നു. മണ്ണാര്‍ക്ക് നടന്ന സി.പി.എം ജില്ലാ സമ്മേളന ത്തിന് മുമ്പുള്ള ദിവസങ്ങളിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ തീയതി പരാതിയിലോ പരാതിക്കാരിയുടെ മൊഴിയിലോ ഇല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലാ സമ്മേളനവേദിയിലെ വനിതാ വാളണ്ടിയര്‍മാരുടെ ചുമതലയാണ് പരാതിക്കാരിക്ക് ഉണ്ടായിരുന്നത്. അതിന്റെ ആവശ്യത്തിനായി സമ്മേളനം നടക്കുന്നതിന് തൊട്ടുമുമ്പ് അഞ്ചാറു തവണ ഏരിയാ കമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. അതിനായി യുവതിയെ ഏരായാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍ അസ്വാഭാവികതഉണ്ടെന്ന് കരുതാനാകില്ല. ഇതിനുശേഷം ഒരുദിവസം രാവിലെ 11മണിയോടുകൂടി വിളിച്ചുവരുത്തി ശശി മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം. തിരക്കുള്ള സയമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ല. പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല. യുവതിയെ നിര്‍ബന്ധമായി 5000രൂപ ഏല്‍പ്പിച്ചത് വോളണ്ടിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാനാണ്. സമ്മേളനത്തില്‍ തന്നെ ഏല്‍പ്പിച്ച ജോലി ആക്ടീവായി തന്നെ യുവതി നിര്‍വഹിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ പതിവായി പോകുന്ന പരാതിക്കാരി സംഭവം നടന്ന് എട്ടുമാസംവരെ ഇതുസംബന്ധിച്ച് ഒരുപ്രതികരണത്തിനും തയ്യാറായിട്ടില്ല. പരാതിക്കുപിന്നില്‍ ഗൂഢാലോചന യുണ്ടെന്ന് പലനേതാക്കളും കമ്മീഷന് മുന്നില്‍ മൊഴിനല്‍കി. സ്വമേധയാ യുവതി പരാതിനല്‍കിയതാണെന്ന് കരുതാനാകില്ല. യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല. തുടങ്ങിയ വാദങ്ങള്‍ നിരത്തിയാണ് യുവതിയുടെ പരാതിയിലെ ആരോപണങ്ങള്‍ ഓരോന്നായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഖണ്ഡിക്കുന്നത്.
ശശിക്കെതിരായ പരാതി യുവതി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് നല്‍കിയത്. പരാതി ലഭിച്ചതോടെ സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. പരാതിയില്‍ രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന ഘടകം രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്ന ശശി വീണ്ടും പാര്‍ട്ടി വേദികളില്‍ സജീവമാകുകയും അന്വേഷണ കമ്മീഷന്‍ അംഗം എ.കെ.ബാലനുമായി വേദിപങ്കിടുകയും ചെയ്തതോടെ നടപടിയുണ്ടാകില്ലെന്ന പ്രതീതി ഉയര്‍ന്നു. ഇതോടെ വനിതാഅംഗം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയിരുന്നു. ഒടുവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

chandrika: