X

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് നിര്യാതനായി

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളാണ്.

1945 ജനുവരി 8 ന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീര്‍ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബില്‍ക്കീസായിരുന്നു മാതാവ്. തലശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസുള്ളപ്പോള്‍ പിതാവുമൊത്ത് അദ്ദേഹം തലശേരിയിലെത്തി. നാലായിരത്തിലേറെ പാട്ടുകള്‍ക്കു സംഗീതം നല്‍കിയ പീര്‍ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ലെന്നത് ശ്രദ്ധേയമാണ്.

ഏഴാം വയസ്സിൽ ‘ജനതാ സംഗീത സഭ’യിലൂടെ മാപ്പിള പാട്ടിന്റെ ലോകത്ത് തുടക്കം കുറിച്ചു. തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957–90 കളിൽ എച്ച്എംവിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാര്‍ഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976ൽ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ,ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും പീര്‍ മുഹമ്മദ് പാടി ഹിറ്റാക്കിയ പാട്ടുകളാണ് ഇന്നും പുതുതലമുറ പാടിനടക്കുന്ന പാട്ടുകള്‍.തായത്തങ്ങാടി താലിമുല്‍ അവാം മദ്രസ യു.പി സ്‌കൂള്‍, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, മുബാറക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ബിരുദം.

വയലാര്‍ രാമവര്‍മയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദര്‍ഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയില്‍ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. എന്നാല്‍ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീര്‍ മുഹമ്മദിന്റെത്. അദ്ദേഹത്തിന്റെ പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു.

web desk 1: