X

പീരുമേട് ഇരുട്ടിലായത് 16 മണിക്കൂര്‍; അനുമതിയില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാരുടെ ടൂര്‍; കാരണം കാണിക്കല്‍ നോട്ടീസ്

ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സെപ്റ്റംബര്‍ ഒന്നിനു കെ.എസ.്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് കേരളത്തിനു പുറത്തു വിനോദ യാത്ര പോയ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി 13 പേര്‍ക്ക് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെയായിരുന്നു അവധിയെടുത്തുള്ള ടൂര്‍. ആ ദിവസം പീരുമേട് 16 മണിക്കൂറാണ് ഇരുട്ടിലായത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഹാജര്‍ ബുക്കില്‍ ഒപ്പിടാത്തവര്‍, രണ്ടാം തീയതി മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഒന്നാം തീയതി രാത്രി സെക്ഷന്‍ ഓഫീസില്‍ ടെലിഫോണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു രണ്ട് പേരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

16 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയ സംഭവം വിവാദമായതിനു പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് നടപടികള്‍. പീരുമേട് ഫീഡര്‍ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്.

വെള്ളിയാഴ്ച ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ച കഴിഞ്ഞു പീരുമേട്ടില്‍ ശക്തമായ മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി. ഓണം അവധി ആഘോഷിക്കാന്‍ പീരുമേട്ടില്‍ എത്തിയ നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതോടെ നാട്ടുകാര്‍ പോത്തുപാറയിലെ സെക്ഷന്‍ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂര്‍ പോയെന്നായിരുന്നു മറുടപടി. പരാതികള്‍ വ്യാപകമായതോടെ രാത്രിയില്‍ വനിതാ സബ് എന്‍ജിനീയറുടേയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എന്‍ജിനീയറുടേയും നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തകരാര്‍ കണ്ടെത്തിയില്ല. ഒടുവില്‍ ശനിയാഴ്ച 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കേരളത്തിനു പുറത്തേക്ക് ഉദ്യോഗസ്ഥരടക്കം ടൂര്‍ പോയത് ബോര്‍ഡിന്റെ അനുവാദമില്ലാതെയാണെന്നു പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ ഇതുസംബന്ധിച്ചു പീരുമേട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറോടു അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ഇബി ആവശ്യപ്പെടുകയായിരുന്നു.

webdesk13: