X

പെഹ്ലുഖാന്‍ ആള്‍ക്കൂട്ട കൊല; പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലുഖാനെ സംഘ്പരിവാര്‍ അക്രമികള്‍ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട നടപടിയെ മേല്‍കോടതിയില്‍ ചോദ്യംചെയ്യുമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അല്‍വാറിലെ ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജസ്ഥാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) രാജീവ സ്വരൂപ് അറിയിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ വെറുതെവിട്ടത് രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ അക്തര്‍ ഹുസൈന്‍ പറഞ്ഞു. ഇത്തരം വിധിപ്രഖ്യാപനങ്ങള്‍ രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകും. അന്വേഷണത്തില്‍ പൊലീസ് വരുത്തിയ വീഴ്ചകളാണ് എല്ലാവരെയും വെറുതെവിടാന്‍ കാരണം.ഒന്നിലധികം തവണ അന്വേഷണത്തില്‍ മനഃപൂര്‍വം പിഴവ് വരുത്താന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ഒന്നാമതായി,സംഭവത്തിന്റെ വീഡിയോ ഫൊറന്‍സിക് ലാബുകളിലേക്ക് ആ സമയം അയച്ചിരുന്നില്ല. ഈ വീഡിയോയില്‍ നിന്നെടുത്ത ഫോട്ടോകള്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കും അയച്ചില്ല. അതുകൊണ്ട് സ്വീകാര്യമായ തെളിവായി കോടതി അതിനെ സ്വീകരിക്കാത്തത്. പൊലീസ് യഥാസമയം പ്രവര്‍ത്തിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നോ? എനിക്കറിയില്ല. പക്ഷേ പൊലീസ് ഈ കേസില്‍ മനഃപൂര്‍വം വെള്ളം ചേര്‍ത്തതാണ്. ഞങ്ങള്‍ പഴുതില്ലാത്ത തെളിവാണ് കൊടുത്തത്. വീഡിയോ കൂടാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായി
രുന്നു. അതില്‍ ബാഹ്യമായേറ്റ മുറിവുകളാണ് മരണത്തിനു കാരണമെന്നു പറയുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.

കേസിലെ ആറുപ്രതികളെയും വെറുതെവിട്ട് രാജസ്ഥാനിലെ ആല്‍വാര്‍ കോടതിയാണ് ഇന്നു വൈകീട്ടോടെ വിധി പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്താന്‍ തക്ക തെളിവല്ലെന്നു പറഞ്ഞാണ് കോടതിയുടെ നടപടി. ഓം യാദവ് (45), ഹുകും ചന്ദ് യാദവ് (44), സുധീര്‍ യാദവ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സൈനി (24) എന്നിവരെയാണ് വെറുതെവിട്ടത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച തുടങ്ങിയ വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

web desk 1: