X

പെഹ്ലുഖാന്‍ കൊലക്കേസ്: പുനരന്വേഷണത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

ന്യൂഡല്‍ഹി: ഗോരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലുഖാന്‍ കേസില്‍ പുനരന്വേഷണത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് ഉത്തരവിട്ടു. എല്ലാ പ്രതികളെയും വെറുതെവിട്ട രാജസ്ഥാനിലെ ആല്‍വാര്‍ കോടതി ഉത്തരവിന്റെ പശ്ചാതലത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ക്ഷീരകര്‍ഷകനായ പെഹ്ലുഖാന്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കാനാണ് മുഖ്യമന്ത്രി അശോക് ഹഗ്ലോട്ട് ഉത്തരവിട്ടിരിക്കുന്നത്. കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും കേസില്‍ നീതി ലഭ്യമാക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

ആള്‍ക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണ്. മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തു നിന്ന് തുടച്ചു നീക്കണം. അശോക് ഗെഗ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെയുള്ള പുതിയ നിയമത്തിലൂടെ പെഹ്ലുഖാന്റെ കുടുംബത്തിന് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് മാതൃകയാവുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. അല്‍വറിലുള്ള വിചാരണക്കോടതിയുടേതാണ് വിധി. കേസിലെ മുഖ്യതെളിവായ പെഹ്‌ലുഖാനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സ്വീകാര്യമല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വെറുതെവിടുകയാണെന്നും വിധിയില്‍ പറയുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും പെഹ്‌ലുഖാന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്.

2017 ഏപ്രില്‍ 1ന് രാജസ്ഥാനിലെ അല്‍വറില്‍ ഹരിയാനയില്‍ നിന്നുള്ള ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാനും രണ്ട് മക്കളും ഗോരക്ഷാഗുണ്ടകളുടെ ക്രൂര മര്‍ദ്ദനത്തിനിരയാകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് കേസിലെ ആറ് പ്രതികളെയും അല്‍വറിലെ അഡീഷണല്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയാളെ സാക്ഷിയാക്കിയതുമില്ല.

പൊലീസും പ്രോസിക്യൂഷനും വരുത്തിയ ഈ ഗുരുതര പിഴവുകളാണ് പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയത്. പെഹ്‌ലുഖാന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. മര്‍ദ്ദനത്തിലുണ്ടായ പരുക്കുകള്‍ മൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും. ഈ പരസ്പരവിരുദ്ധതയും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ആകെയുണ്ടായിരുന്നത് ഒമ്പത് പ്രതികളായിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരുടെ വിചാരണ ബാലനീതി കോടതിയില്‍ നടക്കുകയാണ്.

chandrika: