X

നയം വ്യക്തമാക്കി കേന്ദ്രം; മുത്ത്വലാഖും ഭരണഘടനക്ക് വിധേയമാവണം: അരുണ്‍ ജെയ്റ്റ്ലി

അരുണ്‍ ജെയ്റ്റ്‌ലി

 

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് വ്യക്തിനിയമവുമായി ബന്ധപ്പെട്ട് മുത്തലാഖിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. വ്യക്തിനിയമം ഭരണഘടനക്ക് വിധേയവും ലിംഗസമത്വം പാലിക്കുന്നതും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതുമായിരിക്കണം എന്നാണ് ജെയ്റ്റ്ലി വ്യക്തമാക്കിയത്.

മുസ്‌ലിം വ്യക്തിനിയമത്തിലും മുത്ത്വലാഖിലും കേന്ദ്ര സര്‍ക്കാറിന്റെ നയം മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഞായറാഴ്ച വൈകി വ്യക്തമാക്കിയത്. ഇതേ സമയം നയം സംബന്ധിച്ച് ജെയ്റ്റ്‌ലി ട്വീറ്റും ചെയ്തു.

ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തെയും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെയും മാനദണ്ഡമാക്കിയാകും സമീപിക്കുക. ഇതുതന്നെയായിരിക്കും മറ്റെല്ലാ വ്യക്തിനിയമങ്ങള്‍ക്കും ബാധകമായിരിക്കുക.
എന്നാല്‍ മതാചാരങ്ങളും അനുഷ്ഠാനങ്ങളും പൗരാവകാശങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ജനനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹമോചനം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം നിലനില്‍ക്കുന്ന മതപരമായ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും നിര്‍വഹിക്കാം. അതേസമയം ജനനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശമാകേണ്ടത് മതമാണോ ഭരണഘടനയാണോ എന്നാണ് ചോദ്യം. ഇതിലേതെങ്കിലും വിഷയങ്ങളില്‍ അസമത്വമോ മനുഷ്യന്റെ അന്തസ്സില്‍ വിട്ടുവീഴ്ചയോ ആകാമോ എന്നും അദ്ദേഹം ചോദിച്ചു.

വ്യക്തിനിയമങ്ങള്‍ ഭരണഘടനക്ക് വിധേയമല്ല എന്ന യാഥാസ്ഥിതികമായ കാഴ്ചപ്പാടാണ് ചിലയാളുകള്‍ക്കുള്ളത്. എന്നാല്‍, സര്‍ക്കാറിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. വ്യക്തിനിയമങ്ങള്‍ ഭരണഘടനക്ക് വിധേയമാണ്. അതിനാല്‍, മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന സമ്പ്രദായത്തിലും തുല്യതയുടെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും അളവുകോല്‍ വെച്ചാണ് വിധിപറയേണ്ടത്. ഇതേ മാനദണ്ഡം മറ്റെല്ലാ വ്യക്തിനിയമങ്ങള്‍ക്കും ബാധകമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

മൗലികാവകാശങ്ങളും വ്യക്തി നിയമവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടുകളുണ്ടെന്നും ജെയ്റ്റ്ലി അറിയിച്ചു.
ഒരോ സമുദായത്തിനും പ്രത്യേകമായുള്ള വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാകണം എന്നാണ് സര്‍ക്കാര്‍ നിലപാട്. മതപരമായ ആചാരങ്ങളും അനുഷ്ഠനങ്ങളും വ്യക്തിയുടെ അവകാശങ്ങളും തമ്മില്‍ മൗലികമായ വ്യത്യാസമുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു

ഭരണഘടന വിഭാവനം ചെയ്യുന്ന ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഏകീകൃത സിവില്‍ കോഡ് സാധ്യമാണോ എന്നതിനേക്കാള്‍ പ്രസക്തമായ വിഷയം വിവിധ മത വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണമാണ്. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുന്ന വ്യക്തിനിയമ പരിഷ്‌ക്കാരണങ്ങള്‍ അനിവാര്യമാണെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതിന്റെ ഭരണഘടനാപരമായ നിലനില്‍പ്പ് മാത്രമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ബഹുഭാര്യാത്വവും മുത്ത്വലാഖും മതവിശ്വാസത്തിന്റെ അനിവാര്യ ഘടകങ്ങളായി പരിഗണിക്കാനാവില്ല എന്നാണ് നിയമമന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, ആവശ്യമായ ചര്‍ച്ചകളും വിശകലനങ്ങളും നടത്തിയ ശേഷം മാത്രമേ ഏകീകൃത വ്യക്തിനിയമം സംബന്ധിച്ച് നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നും അദ്ദേഹം ഫെയ്‌സ്ബുക് കുറപ്പില്‍ വ്യക്തമാക്കി.

Web Desk: