X

പെട്രോള്‍, ഡീസല്‍; അതിര്‍ത്തി കടന്നാല്‍ ലാഭം 10 രൂപ വരെ; അതിര്‍ത്തികളിലെ പമ്പുകളില്‍ തിരക്ക് കൂടുന്നു

കേരളത്തില്‍നിന്നു നാടുകാണി ചുരം കയറി തമിഴ്‌നാട്ടിലെ നാടുകാണിയിലെത്തിയാല്‍ ഡീസലിന് 1.21 രൂപയും പെട്രോളിന് 3.73 രൂപയും കുറയും. ഇവിടെനിന്ന് പിന്നെയും യാത്ര ചെയ്ത് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലെത്തിയാല്‍ ഡീസലിന് 9.88 രൂപയും പെട്രോളിന് 6.97 രൂപയുമാണ് കുറയുക.

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പ്രാബല്യത്തില്‍ വന്നതോടെ അയല്‍ സംസ്ഥാനങ്ങളുമായി വിലയില്‍ കാര്യമായ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും പോകുന്ന വാഹനങ്ങള്‍ പരമാവധി ഇന്ധനം നിറച്ചാണ് കേരളത്തിലേക്കു മടങ്ങുന്നത്. അതിര്‍ത്തികളിലെ പമ്പുകളിലെല്ലാം ഇന്നലെ ഇന്ധനം നിറയ്ക്കാന്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങളുടെ തിരക്കായിരുന്നു.

പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങളെടുക്കാന്‍ കര്‍ണാടകയില്‍ പോകുന്ന വാഹനങ്ങളെല്ലാം ഇന്ധനം നിറയ്ക്കുന്നത് അവിടെ നിന്നാണ്. ഡീസല്‍ ലീറ്ററിന് ഏകദേശം 10 രൂപയുടെ വ്യത്യാസമാണുള്ളത്. ഇന്ധനം തീരാറാകുന്ന സാഹചര്യമുണ്ടായാലല്ലാതെ ചരക്കുവാഹനങ്ങള്‍ ഇവിടെനിന്ന് ഇന്ധനം നിറയ്ക്കാറില്ലെന്ന് കേരള അതിര്‍ത്തികളിലെ പമ്പ് നടത്തിപ്പുകാര്‍.

വിലവ്യത്യാസം ഇങ്ങനെ;

3 സംസ്ഥാനങ്ങളിലെയും അതിര്‍ത്തികളിലെ പമ്പുകളില്‍ ഇന്നലത്തെ ഇന്ധനവില ഇങ്ങനെ: വഴിക്കടവ് (കേരളം): ഡീസല്‍ 97.58, പെട്രോള്‍ 108.69, നാടുകാണി (തമിഴ്‌നാട്): ഡീസല്‍ 96.37, പെട്രോള്‍ 104.96, ഗുണ്ടല്‍പേട്ട് (കര്‍ണാടക): ഡീസല്‍ 87.70, പെട്രോള്‍ 101.72.

webdesk14: