X
    Categories: MoreViews

പാക്കിസ്താന്‍ യാത്രാ വിമാനം തകര്‍ന്നു; യാത്രാക്കാരെല്ലാം മരണപ്പെട്ടതായി സൂചന

അപകടത്തില്‍പെട്ട വിമാനത്തിന്റെ ദൃശ്യം ഡോണ്‍ പത്രം പുറത്തുവിട്ടപ്പോള്‍

ഇസ്ലാമാബാദ്: 47 യാത്രക്കാരുമായി പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം അബോട്ടാബാദിന് സമീപം തകര്‍ന്നുവീണു.
ചിത്രാലില്‍ നിന്നും ഇസ്ലാമാബാദിലേക്കു പോയ പികെ 116 വിമാനമാണ് തകര്‍ന്നത്. 31 പുരുഷന്മാരും 9 സ്ത്രീകളും രണ്ട് വൈമാനികരുമായി പറന്ന വിമാനം മലനിരകള്‍ക്ക് ഇടയില്‍ തകര്‍ന്നു വീഴുകയായിരുന്നു. യാത്രക്കാരെല്ലാം മരണപ്പെട്ടതായി സംശയിക്കുന്നു.

വിമാനത്തില്‍ മൂന്ന് വിദേശികളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
മലനിരകള്‍ക്ക് ഇടയിലാണ് വിമാനം തകര്‍ന്നുവീണതെന്നും സ്ഥലത്തുനിന്ന് പുക ഉയരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

വൈകുന്നേരം മൂന്ന് മണിക്കാണ് ചിത്രാലില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. ഇസ്ലാമാബാദില്‍ എത്തുന്നതിന് തൊട്ടുമുമ്പ് 4.30 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

അതിനിടെ, യാത്രാ മധ്യേ തകര്‍ന്നു വീണ പാക് വിമാനത്തില്‍ മതപ്രചാരകന്‍ ജുനൈദ് ജംഷീദും ഉള്‍പ്പെട്ടതായി സ്ഥിരീകരണം. മതസംഘടനായ സുന്നി തബ്്ലീഹ് നേതാവ് കൂടിയായ ജനൈദ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരനായി ഉണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യപോപ്പ് താരമായിരുന്ന ജുനൈദ് 2001-ലാണ് മതപ്രഭാഷകനായത്. ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെ ഹവേലിയനില്‍ തകര്‍ന്നു വീണ വിമാനത്തില്‍ ജുനൈദ് ജംഷീദും ഭാര്യയും യാത്ര ചെയ്തിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തി.

പാകിസ്താനി പോപ് ഗായകനായിരുന്ന ജുനൈദ് ജംഷീദ് പിന്നീട് ഇസ്ലാമിക പ്രബോധന രംഗത്ത് സജീവമാവുകയായിരുന്നു. പ്രഭാഷണത്തിന്റെ ഭാഗമായാണ് ഇദ്ദേഹം ചിത്രാലിലെത്തിയത്. പാകിസ്താന് പുറമെ ദുബൈയിലെ വിവിധയിടങ്ങളില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഫാഷന്‍ ഡ്രസ് ഷോറൂമുകളുണ്ട്. ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവമായതിന് ശേഷം നഅത്ത് ഗീതാലാപന രംഗത്ത് ശ്രദ്ധേയമായിരുന്നു ജംഷീദ്. ഏറെ പ്രശസ്തമായ ദില്‍ ദില്‍ പാകിസ്താന്‍ ഗാനം ആലപിച്ചതും ഇദ്ദേഹമായിരുന്നു. 1964 സെപ്റ്റംബര്‍ മൂന്ന് പാകിസ്താനിലെ കറാച്ചിയിലായിരുന്നു ജനനം.

അപകടത്തില്‍പെട്ട വിമാനത്തിലെ യാത്രക്കാരുടെ പേരുവിവര പട്ടിക അധികൃതര്‍ പുറത്തുവിട്ടപ്പോള്‍

chandrika: