X

പോസ്റ്റ് നിയമവിരുദ്ധം; ആവശ്യമെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ ദൃശ്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊല വിഷയവുമായി ബന്ധപ്പെട്ട നിയമസഭയില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സിപിഎം നടത്തിയ ആഹ്ലാദപ്രകടനം എന്ന അടിക്കുറിപ്പോടെ കുമ്മനം തന്റെ സമൂഹമാധ്യമ അക്കൗണ്ടിലിട്ട ദൃശ്യത്തിനെതിരാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ദൃശ്യത്തില്‍ ആഹ്ലാദപ്രകടനം എവിടെ എപ്പോ നടന്നുവെന്നത് വ്യക്തമല്ലെന്നും പിണറായി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിരസിക്കുകയായിരുന്നു

സംസ്ഥാനത്ത് പ്രത്യേക സൈനികാവകാശ നിയമ(അഫ്‌സ്പ)ത്തിന്റെ ആവശ്യമില്ല. കണ്ണൂര്‍ സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണ്. കേരളത്തില്‍ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിണറായി നിയമസഭയില്‍ ആരോപിച്ചു.

അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു അറുതിവരുത്തുമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. ബിജുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അക്രമവുമായി ബന്ധമില്ലെന്ന് ഏരിയാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പയ്യന്നൂരിലേത് ഒറ്റപ്പെട്ട സംഭവമായിക്കണ്ട് സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. ഇതു തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും പിണറായി പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ്. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതാണോ. ജനാധിപത്യ സമൂഹത്തിനു ചേരാത്ത ഫാസിസ്റ്റ് നയമാണിത്. എന്നാല്‍ ഭരണഘടനാ ചുമതല നിറവേറ്റുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്, മുഖ്യമന്ത്രി പറഞ്ഞു.

chandrika: