X

‘സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കള്‍. ജനങ്ങള്‍ വിധി പറഞ്ഞു. ആ വിധി എല്‍.ഡി.എഫ് നയ നിലപാടുകള്‍ക്കുള്ള അതിഗംഭീരമായ പിന്തുണയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അഭൂതപൂര്‍വമായ ഐക്യദാര്‍ഢ്യമാണ് ജനം പ്രകടിപ്പിച്ചത്. അതിശക്തമായ അസത്യപ്രചാരണങ്ങള്‍ക്കിടയില്‍ സത്യത്തെ കടന്നുകാണാനുള്ള ജനങ്ങളുടെ കഴിവായി കാണാം. ജനങ്ങളെ വിനയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.

എല്‍.ഡി.എഫിനൊപ്പമില്ലായിരുന്ന വലിയൊരു ജനവിഭാഗം കൂടി എല്‍.ഡി.എഫിനൊപ്പം വന്നു. അവരെ സ്വീകരിക്കുന്നു. പുതുതായി വന്ന ആ വിഭാഗം ജനങ്ങളെ മറ്റുള്ളവര്‍ക്കൊപ്പം അഭിവാദ്യം ചെയ്യുന്നു. ഒരു പാട് വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. അതില്‍ ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചുകൊണ്ട് മുന്നോട്ടുപോയ സര്‍ക്കാരിന് നല്‍കിയ അംഗീകാരം കൂടിയാണ്.

ഫാസിസ്റ്റ് നയത്തിലൂടെ നേട്ടമുണ്ടാക്കുന്ന ബി.ജെ.പിയെ കേരള ജനം ഒരിക്കലും അംഗീകരിക്കില്ല എന്നതിന്റെ തെളിവാണിത്. എല്ലാ വികസന നയങ്ങളോടും നിഷേധാത്മക സമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെയം യു.ഡി.എഫിന്റെയും വിശ്വാസ്യത തകര്‍ന്നുവെന്നും ജനനന്മക്കുള്ള വികസന നയങ്ങളുമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ച പച്ചക്കൊടിയാണിതെന്നും പിണറായി പറഞ്ഞു.

chandrika: