X

ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടി മുക്കാലിയിലെ കടുകുമണ്ണ ആദിവാസി ഊരിലെ യുവാവാണ് മരിച്ച മധു. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.

പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് വാഹനത്തില്‍ മധുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് പൊലീസ് അറിയിച്ചു.

chandrika: