X

അല്‍ഫോണ്‍സ് കണ്ണന്താനം പിണറായി ബന്ധം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍

കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന അമിത വിധേയത്വം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍ ഉയര്‍ത്തുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നീക്കുപോക്കുണ്ടാക്കുന്നതിന് സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വം കണ്ണന്താനത്തെ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ഈ അടുപ്പത്തിനുപിന്നിലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം. കേരളത്തിലെ ന്യൂനപക്ഷത്തെ ആകര്‍ഷിക്കാന്‍ മോഡി ഒരുക്കിയ കെണിയാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനമെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാനുള്ള അവസരം പിണറായി കളഞ്ഞുകുളിച്ചെന്നുമാണ് സി.പി.എമ്മിലെ പിണറായി വിരുദ്ധര്‍ ഉയര്‍ത്തുന്ന ആക്ഷേപം.

കേരളത്തിലെ ബി.ജെ.പി , ആര്‍.എസ്.എസ് നേതൃത്വത്തെ മുഖവിലക്കെടുക്കാതെ സി.പി.എം ക്യാമ്പില്‍നിന്ന് അടുത്തകാലത്തെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ഗ്രൂപ്പുഭേദമന്യേ ബി.ജെ.പി സംസ്ഥാന ഘടകത്തിന് കടുത്ത അമര്‍ഷമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞാ ദിവസം മരണവീടുപോലെ മൂകമായത് ഈ അമര്‍ഷത്തിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍ ശക്തമായ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്യാനുള്ള കരുത്തില്ലാത്തതിനാല്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ മൗനം പാലിക്കുന്നുവെന്നു മാത്രം.

കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചതും അദ്ദേഹത്തെ അഭിനന്ദിക്കുന്നതില്‍ ആവേശം കാട്ടിയതും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ച കണ്ണന്താനത്തെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രി കേരള ഹൗസില്‍ അദ്ദേഹത്തിന് വിരുന്നൊരുക്കുകയും ഏറെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. പൊതുവെ പരുക്കനായ പിണറായി വിജയനില്‍നിന്ന് അപ്രതീക്ഷിതമായുണ്ടായ ഈ നീക്കങ്ങള്‍ സംസ്ഥാനത്തിനുപുറത്തുപോലും ഏറെ ചര്‍ച്ചയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ദേശീയ നേതൃത്വത്തിലും ഇത് ചര്‍ച്ചചെയ്യപ്പെട്ടേക്കും.

പിണറായിക്കുമേല്‍ തൂങ്ങിനില്‍ക്കുന്ന ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായെങ്കിലും കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ റിവിഷന്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത് പിണറായിക്ക് വലിയ ഭീഷണിതെന്നെയാണ്.
സംസ്ഥാനത്ത് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും സ്വന്തം പാര്‍ട്ടിക്കാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ വീഴ്ചയും ദേശീയ മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അവസ്ഥ മുതലെടുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം അരയും തലയും മുറുക്കി രംഗത്തുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധം അടക്കം സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പലകേസുകളും ഇപ്പോള്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയുള്‍പ്പെടെ യുള്ള കേസുകള്‍ വരും നാളുകളില്‍ സി.ബി.ഐയുടെ കൈകളില്‍ എത്തിപ്പെടാം. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ പി.ജയരാജനെതിരെ സി.ബി.ഐ യു.എ.പി.എ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

വരുംനാളുകളില്‍ സി.ബി.ഐ കുരുക്കുകള്‍ കൂടുതല്‍ മുറുക്കുമെന്നും സി.പി.എം കരുതുന്നു. ഈ സാഹചര്യത്തില്‍ പിണറായി കണ്ണന്താനത്തോട് കാട്ടുന്ന അമിത സ്‌നേഹത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ഐ.എ.എസില്‍നിന്ന് സി.പി.എം പാളയത്തിലെത്തി എം.എല്‍.എആയ അല്‍ഫോണ്‍സ് കണ്ണന്താനം പ്രത്യയശാസ്ത്രപരമായ ഭിന്നതമൂലമല്ല തെരഞ്ഞെടുപ്പിലെ പരാജയ ഭീതിമൂലമായിരുന്നു സി.പി.എം പാളയം വിട്ടത്. പെട്ടന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ രണ്ടാം വട്ടം മത്സരിക്കാന്‍ തയ്യാറായി നിന്ന കണ്ണന്താനത്തെ പിന്തിരിപ്പിച്ചു. കരുത്തനായ പി.സി. ജോര്‍ജ് എതില്‍ സ്ഥാനാര്‍ത്ഥിയായതും സി.പി.എം വി.എസിന് സീറ്റ് നിഷേധിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതുമായിരുന്നു മത്സര രംഗത്തുനിന്ന് പെട്ടന്ന് കണ്ണന്താനം പിന്‍മാറാന്‍ കാരണം. പന്നീട് അദ്ദേഹം ബി.ജെ.പി പാളയത്തില്‍ എത്തി അതിനനുകൂലമായ കാരണങ്ങള്‍ വിവരിക്കുകയായിരുന്നു. പിണറായിയുടെ വിരുന്നില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ പ്രശംസകള്‍ ആസ്വദിച്ച കണ്ണന്താനം തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായി യാണെന്ന് പറഞ്ഞതും ശ്രദ്ധേയമായി.

chandrika: