X

ചന്ദ്രക്കല കണ്ടപ്പോള്‍ ഹാലിളകിയ ഇടതുപക്ഷമൊക്കെ എവിടെപ്പോയെന്ന് പി.കെ അബ്ദുറബ്ബ്‌

യു.എ റസാഖ്

തിരൂരങ്ങാടി: ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ധേശം നല്‍കിയ സര്‍ക്കാര്‍ നടപടി ആശങ്കാജനകമാണെന്ന് മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. വിദ്യഭ്യാസ രംഗം കാവിവല്‍ക്കരിക്കപ്പെടുന്നത് ദൂരവ്യാപക പ്രത്യാകാതമുണ്ടാക്കുന്ന കാര്യമാണ്. കേന്ദ്രത്തിന്റെ ഇത്തരം നയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ അര്‍ധ ഔദ്യോഗിക സര്‍ക്കുലര്‍ സ്വീകരിക്കാനും തള്ളാനും സംസ്ഥാന സര്‍ക്കാറിന് കഴിയും. എന്നാല്‍ അത് അതെ പടി അംഗീകരിച്ച് എല്ലാ സ്‌കൂളുകളിലേക്ക് അയച്ചത് കൊടുത്തത് ശരിയായില്ല. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണം.
മോഡി സര്‍ക്കാറിന്റെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നയങ്ങള്‍ എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി വിദ്യഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണവും നടത്താന്‍ പോകുന്നതായിട്ടാണ് മനസ്സിലാകുന്നത്. അതിന്റെ ആദ്യ പടിയാണ് ഈ വിവാദ സര്‍ക്കുലറെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറില്‍ ചോദ്യം അവസാനിച്ചു എന്ന് കാണിക്കാന്‍ ഒരു ചിഹ്നം ചേര്‍ത്തത് ചന്ദ്രകലയായതിന്റെ പേരില്‍ വലിയ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ചന്ദ്രകല എന്നത് ചോദ്യപേപ്പറുകളില്‍ സിമ്പലുകളായി കൊടുക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച ചിഹ്നമായിട്ട് പോലും ഇടത് പക്ഷവും മാധ്യമങ്ങളും സംഭവം പെരുപ്പിച്ച് കാണിച്ച് വ്യക്തിഹത്യ വരെ നടത്തി. ചന്ദ്രകല കണ്ടപ്പോള്‍ ഹാലിളകിയ അന്നത്തെ സി.പി.എമ്മുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെയും മാധ്യമങ്ങളെയും ഇന്ന് ഈ വിഷയത്തില്‍ കാണുന്നില്ല. അത് കൊണ്ട് തന്നെ അന്നത്തെ വിമര്‍ശനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ മൗനം.
സംസ്ഥാനതത്തെ വിദ്യാര്‍ത്ഥികളെ മൊത്തം ബാധിക്കുന്ന ഈ വിവാദ സര്‍ക്കുലറിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ മാധ്യമങ്ങളും സര്‍ക്കാറും ലഘൂകരിച്ച് കാണിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വിദ്യഭ്യാസം മന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു

chandrika: