X

‘മതേതരമാവാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്? മതേതര മാപിനിയുമായി ഇറങ്ങിയവര്‍ ഒന്ന് പറഞ്ഞ് തന്നാലും’; പി.കെ ഫിറോസ്

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുള്‍പ്പെടെ ഇടതുനേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ശക്തമായ ഭാഷയിലാണ് ഫിറോസിന്റെ വിമര്‍ശനം. രാഷട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വര്‍ഗ്ഗീയതയെങ്കില്‍ മതേതരമാവാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്? മതേതര മാപിനിയുമായി ഇറങ്ങിയവര്‍ ഒന്ന് പറഞ്ഞ് തന്നാലും’- വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. കൊടിയേരി ബാലകൃഷ്ണന്‍ മുതല്‍ ചെറിയാന്‍ ഫിലിപ്പ് വരെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സ്വത്വരാഷട്രീയവാദത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതാണ് . വടക്കേ ഇന്ത്യയില്‍ മാത്രമല്ല ഏറെ പുരോഗമനമെന്ന് വിശ്വസിച്ച് പോരുന്ന കേരളത്തില്‍ പോലും മുസ്‌ലിംകള്‍ക്ക് സ്വത്വ പ്രതിസന്ധിയുണ്ടെന്നും ഫിറോസ് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രീ.കൊടിയേരി ബാലകൃഷ്ണന്‍ മുതല്‍ ചെറിയാന്‍ ഫിലിപ്പ് വരെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സ്വത്വരാഷട്രീയവാദത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതാണ് . വടക്കേ ഇന്ത്യയില്‍ മാത്രമല്ല ഏറെ പുരോഗമനമെന്ന് വിശ്വസിച്ച് പോരുന്ന കേരളത്തില്‍ പോലും മുസ്‌ലിംകള്‍ക്ക് സ്വത്വ പ്രതിസന്ധിയുണ്ട്. ദേശീയ തലത്തില്‍ പലപ്പോഴും തങ്ങളുടെ രാജ്യസ്‌നേഹമാണ് ബോധ്യപ്പെടുത്തേണ്ടതെങ്കില്‍ എകെ ആന്റണിയെ മലപ്പുറത്ത് കൊണ്ട് വന്ന് വിജയിപ്പിച്ച് മതേതരത്വം തെളിയിച്ച ചരിത്രമാണ് ഇവിടെ പറയേണ്ടി വരുന്നത്. അങ്ങിനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ മലപ്പുറത്തുകാര്‍ എന്ത് പറയുമായിരുന്നു എന്നാണ് ഞാനാലോചിക്കുന്നത്.
രാഷട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വര്‍ഗ്ഗീയതയെങ്കില്‍ മതേതരമാവാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്?
മതേതര മാപിനിയുമായി ഇറങ്ങിയവര്‍ ഒന്ന് പറഞ്ഞ് തന്നാലും….

chandrika: