X

‘മുത്വലാഖ് ബില്ലിനെ പരാജയപ്പെടുത്തും’: പി.കെ.കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയില്‍ യു.പി.എ യുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ യു.പി.എ കക്ഷികളുടെ പ്രത്യേക യോഗം ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ മുസ്‌ലിം ലീഗ് എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.വി.അബ്ദുല്‍ വഹാബും പങ്കെടുത്തു.

ബില്ലിനെതിരെ നിലകൊള്ളാന്‍ യു.പി.എ ഇതര കക്ഷികളുടെ കൂടി പിന്തുണ ഉറപ്പാക്കുന്നതിന് ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കുഞ്ഞാലിക്കുട്ടി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ്സ് എം.പിമാരായ കെ.സി.വേണുഗോപാല്‍, എം.കെ.രാഘവന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കൂടാതെ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമാണ് രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട ഒരു ബില്ല് സെലക്ട് കമ്മിറ്റിയില്‍ പോകാതെ പാസാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി. തുടര്‍ന്ന് ബില്ല് പാസാക്കി എടുക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെയെ ഉപയോഗിച്ച് സഭ തടസ്സപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച വീണ്ടും ബില്ല് സഭയുടെ പരിഗണനക്കായി വരുന്നുണ്ട്.

chandrika: