X

പ്ലസ് വണ്‍ പ്രതിസന്ധി : എം എസ്.എഫ് മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: കേരളത്തിലെ മലബാര്‍ ജില്ലകളില്‍ എസ്എസ്എല്‍സി വിജയം കൈവരിച്ച അമ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എംഎസ്എഫ് ഈ വിഷയത്തില്‍ സമരങ്ങളുമായി രംഗത്ത് വരുമ്പോഴെല്ലാം സര്‍ക്കാര്‍ അല്‍പ്പം സീറ്റ് വര്‍ദ്ധനവ് മാത്രം വരുത്തി വിഷയത്തെ ലഘൂകരിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ തുടരെയുള്ള സര്‍ക്കാരിന്റെ ഈ സമീപനം മൂലം വിദ്യാര്‍ത്ഥികളുടെ തുടര്‍പ്രവേശനങ്ങള്‍ക്കായുള്ള സീറ്റുകളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ പുതിയ ബാച്ചുകള്‍ അനുവദിച്ച് ഈ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് എംഎസ്എഫ് വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് കത്ത് നല്‍കി ആവശ്യപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിഷയത്തില്‍ ശാശ്വതമായ പരിഹാരം സര്‍ക്കാര്‍ കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എംഎസ്എഫ് അറിയിച്ചു. നിവേദനം സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് കൈമാറി. സംസ്ഥാന സെക്രട്ടറിമാര്‍ അഷ്ഹര്‍ പെരുമുക്ക്, ഫിറോസ് പള്ളത്ത്,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നൗഫല്‍ കുളപ്പട, ജന:സെക്രട്ടറി ഗദ്ധാഫി നെടുമങ്ങാട്, ആരിഫ് കാട്ടാക്കട എന്നിവര്‍ സംബന്ധിച്ചു.

Chandrika Web: