X

പ്ലസ് ടു പരീക്ഷ: ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

റസാഖ് ഒരുമനയൂര്‍

അബുദാബി: പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ ഇത്തവണയും മികച്ച വിജയം കാഴ്ച വെച്ചു. പഠനനിലവാരം ഉയര്‍ത്തുന്നതില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ പുലര്‍ത്തുന്ന രീതിയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമീപനവും മികച്ച വിജയത്തിന് നിതാനമായിത്തീരുന്നുണ്ട്.
യുഎഇയിലെ എട്ടു കേന്ദ്രങ്ങളിലായി മൊത്തം 503 കുട്ടികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത്. ഇതില്‍ 465പേരും പാസ്സായി. 38പേര്‍ക്ക് പ്ലസ്ടുവിന്റെ കവാടം കടക്കാനായില്ല. അതേസമയം വിജയിച്ച ഭൂരിഭാഗംപേരും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയം സ്വന്തമാക്കിയത്.

പതിവുപോലെ ഗള്‍ഫ് പരീക്ഷാ കേന്ദ്രങ്ങളില്‍ അബുദാബി മോഡല്‍ സ്‌കൂളിലാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 96 പേരാണ് ഇവിടെ പരീക്ഷക്കിരുന്നത്. ഇതില്‍ 95 പേരും വിജയിച്ചു. ഇതില്‍ ആറുപേര്‍ 99 ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്.

ദുബൈ എന്‍ഐ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.
ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 87പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 15 പേര്‍ക്ക വിജയിക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 26പേരും പാസ്സായി. ന്യൂ ഇന്ത്യന്‍ മോഡ്ല്‍ സ്‌കൂളില്‍ 26 പേര്‍ എഴുതിയെങ്കിലും 25പേരാണ് വിജയിച്ചത്.

റാസല്‍ഖൈമയിലെ ന്യൂ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 62 പേരില്‍ 53 പേരാണ് വിജയിച്ചത്.

ഉമ്മുല്‍ഖുവൈന്‍ ദ ഇംഗ്ലീഷ് സ്‌കൂളില്‍ 53 പേര്‍ പരീക്ഷയെഴുതിയെങ്കിലും47 പേരാണ് വിജയിച്ചത്.
ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ 60 കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 54 പേരും വിജയിച്ചു.

അബുദാബി മോഡല്‍ സ്‌കൂളിലെ മിന്ന ഫാതിമയും തീര്‍ത്ഥ രാജേഷും സയന്‍സ് വിഭാഗത്തില്‍ 1194 മാര്‍ക്ക് വീതം നേടി സ്‌കൂളിന്റെ അഭിമാനതാരമായി മാറി.

കൊമേഴ്‌സ് വിഭാഗത്തില്‍ നിദ ഹാരിസ് 1196 മാര്‍ക്ക് നേടിയപ്പോള്‍ മന്‍ഹ അബ്ദുല്‍റസാഖ് 1194 മാര്‍ക്കും ഫാതിമത്തുല്‍ ശിഫ ഷാനിദും നുസ്ഹ റഷീദും 1193 മാര്‍ക്ക് വീതം കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

ദുബൈ എന്‍ ഐ മോഡല്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ വിദ്യ തെക്കിനേടത്ത് 98.58 ശതമാനവും സൗരവ് മേലോത്ത് 97.33, പ്രാര്‍ത്ഥന ശങ്കര്‍ 95.92 ശതമാനവും മാര്‍ക്കുനേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ തമന്ന ജബീന്‍ 99.58, അലീമത്ത് ഷസ്‌ന അബ്ദുല്‍സലാം 99.08, നേഹ ഹുസ്സൈന്‍ 98.75 ശതമാനവും നേടിയാണ് വിജയിച്ചത്.

webdesk13: