X

പിഎം കെയേഴ്‌സ് ഫണ്ട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറേണ്ട; മോദി സര്‍ക്കാരിന് അനുകൂലവിധിയുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി; കോവിഡിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക്(എന്‍ഡിആര്‍എഫ്)മാറ്റാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. പിഎം കെയേഴ്‌സ് ഫണ്ടിലേക്കു ലഭിക്കുന്നവ തികച്ചും വ്യത്യസ്തമാണെന്നും, ഇവ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ ഫണ്ടുകളാണെന്നും കോടതി വ്യക്തമാക്കി. പിഎം കെയേഴ്‌സ് ഫണ്ട് വഴി സമാഹരിച്ച മുഴുവന്‍ തുകയും എന്‍ഡിആര്‍എഫിലേക്കു മാറ്റുന്നതിനു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മാര്‍ച്ച് 28 നാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കെയര്‍സ് ഫണ്ട് (െ്രെപം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റിയുവേഷന്‍സ്) രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്‌സ്ഒഫീഷ്യോ ചെയര്‍മാന്‍. പ്രതിരോധ, ആഭ്യന്തര, ധനകാര്യമന്ത്രിമാര്‍ ഫണ്ടിന്റെ എക്‌സ്ഒഫീഷ്യോ ട്രസ്റ്റികളാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ഫണ്ടിന്റെ നിയമപരമായ സാധുതയെയും ആവശ്യകതയെയും ചോദ്യം ചെയ്തിരുന്നു.

 

chandrika: