X

ബിജെപി റാലിയില്‍ പ്രവര്‍ത്തകരുടെ തമ്മിലടി; മോദി പ്രസംഗം വെട്ടിച്ചുരുക്കി സ്ഥലംവിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ മോദി ഉടന്‍ സ്ഥലംവിട്ടു. സംഭത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. എ.ബി.പി ന്യൂസും, ന്യൂസ് സെന്‍ട്രല്‍ വെബ്‌സൈറ്റുമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ബംഗഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയിലെ താക്കൂര്‍നഗറില്‍ ഇന്നലെ നടന്ന ബി.ജെ.പി റാലിയിലായിരുന്നു സംഭവം. വേദിയുടെ മുന്നിലായി സ്ത്രീകള്‍ക്കായി പ്രത്യേകം ഒരുക്കിയ സ്ഥലത്തേക്ക് കസേരകള്‍ വലിച്ചെറിഞ്ഞും ചെരുപ്പെറിഞ്ഞും റാലി ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ അലങ്കോലമാക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മുന്‍നിരയില്‍ ഇടംപിടിക്കാനുള്ള ചില ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തുടര്‍ന്നായിരുന്നു സംഭവത്തിന്റെ തുടക്കം. അണികളോട് ശാന്തരാകാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചെങ്കിലും കേള്‍ക്കാന്‍ ബി.ജെ.പി പ്രവ്രത്തകര്‍ തയാറായില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ ചെരുപ്പേറ് നടത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു.

ബഹളം ക്രമാതീതമായതോടെ പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തുകയും പ്രധാനമന്ത്രിക്ക് ചുറ്റം എസ്.പി.ജി സംരക്ഷണവലയം തീര്‍ക്കുകയും ഉടന്‍ തന്നെ വേദിയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാളിലെ റാലിക്കിടെ ഇത് രണ്ടാം തവണയാണ് ബി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്.

chandrika: