X

സ്ത്രീയധിക്ഷേപം;മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

തൃശ്ശൂര്‍: നടി മഞ്ജുവാര്യര്‍ ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് മഞ്ജുവിന്റെ പരാതിയില്‍ ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് കേസെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാവും പരാതി അന്വേഷിക്കുക. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കേസ് എടുത്ത് പൊലീസ് അന്വേഷണം ഏറ്റെടുക്കുന്നതോടെ ശ്രീകുമാര്‍ മേനോനില്‍ നിന്നും മൊഴിയെടുക്കുന്നത് അടക്കമുള്ള നടപടികളും ഉണ്ടാവും.
ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയില്‍ മഞ്ജുവാര്യര്‍ ആരോപിച്ചത്. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ട്. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടത്തിന്റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.

വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.

അതേസമയം മഞ്ജുവാര്യര്‍ക്ക് തൊഴില്‍പരമായ എല്ലാ പിന്തുണയും നല്‍കുമെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഫെഫ്കയില്‍ അംഗമല്ല. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് സംഘടന എന്ന നിലയില്‍ പരിമിതി ഉണ്ട്. മാത്രമല്ല ഇവര്‍ തമ്മിലുള്ള പ്രശ്‌നം തൊഴില്‍ എന്നതിന് ഉപരിയാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.

web desk 1: