X

ബിജെപി എം.എൽ.എ രാജാസിങ്ങിന് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നിഷേധിച്ച് പൊലീസ്

രാമനവമി ദിനത്തില്‍ ഘോഷയാത്ര നടത്താന്‍ വിവാദ ബിജെപി എം.എല്‍.എ ടി രാജാ സിങ്ങിന് സിറ്റി പൊലീസ് അനുമതി നിഷേധിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഘോഷയാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അനുമതിക്കായുള്ള രാജാ സിങ്ങിന്റെ അപേക്ഷ തള്ളിയതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 14നാണ് രാജാ സിങ് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സീതാരാംബാഗ് ക്ഷേത്രത്തില്‍ നിന്നുള്ള മറ്റ് പ്രധാന ഘോഷയാത്രകള്‍ പതിവുപോലെ നടക്കും.

2010 മുതല്‍ താന്‍ ശ്രീരാമനവമി ശോഭാ യാത്ര നടത്തുകയാണെന്നും ഈ വര്‍ഷം മാത്രമാണ് അജ്ഞാത കാരണത്താല്‍ പൊലീസ് അനുമതി നിഷേധിച്ചതെന്നും രാജാ സിങ് പ്രതികരിച്ചു. പൊലീസിനെ വെല്ലുവിളിച്ചും രാജാ സിങ് രംഗത്തെത്തി. എന്തു വിലകൊടുത്തും ശോഭായാത്ര ആകാശ് പുരി ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നുമാണ് എം.എല്‍.എയുടെ വാദം.

പ്രവാചക നിന്ദയടക്കം നിരവധി മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനായ ബിജെപി നേതാവാണ് രാജാ സിങ്. വിദ്വേഷ പ്രസംഗം നടത്തിയതിന് രാജാ സിങ്, മഹാരാഷ്ട്ര എം.എല്‍.എ നിതേഷ് റാണെ എന്നീ ബി.ജെ.പി നിയമസഭാംഗങ്ങള്‍ക്കെതിരെ ജനുവരിയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. സോലാപൂരില്‍ ‘ഹിന്ദു ജന്‍ ആക്രോശ്’ യാത്രയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.

മുസ്ലിം വ്യാപാരികളെ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നേരത്തെ ബിജെപി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഘോഷാമഹല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയായിരുന്നു.

അതേസമയം, രാജാ സിങ് നയിക്കുന്ന രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായി ഹൈദരാബാദില്‍ പള്ളി തുണികൊണ്ട് മറച്ചിരുന്നു. സിദ്ദ്യാംബര്‍ ബസാര്‍ പള്ളിയാണ് മൂടിയത്. റാലിക്കിടെയുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

webdesk13: