X

തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി; പ്രതിയെ കറങ്ങാന്‍ വിട്ട പൊലീസുകാര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന്‍ ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖറിന് അകമ്പടി പോയ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. മുംബൈ, ബംഗളൂരു, കോയമ്പത്തൂര്‍ ഹാജരാക്കുന്നതിനായി ഈമാസം 9 മുതല്‍ 16 വരെയാണ് ബംഗളൂരു സ്വദേശിയായ സുകേഷ് ചന്ദ്രശേഖറിനെ കസ്റ്റഡിയില്‍ വിട്ടത്. ബംഗളൂരുവിലെത്തിയതോടെ ബിസിനസ് കാര്യങ്ങള്‍ക്കും മറ്റുമായി ഇയാളുടെ എസ്‌കോര്‍ട്ട് പിന്‍വലിക്കുകയായിരുന്നു. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് ആദായനികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരായ നടപടി. 28 കാരനായ സുകേഷ് ആള്‍മാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 20 കേസുകളില്‍ പ്രതിയാണ്. അണ്ണാ ഡി.എം.കെ.യുടെ ‘രണ്ടില’ ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാന്‍ സുകേഷ് വഴി ദിനകരന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിനായി 50 കോടിയുടെ കരാര്‍ സുകേഷുമായി ദിനകരന്‍ ഉറപ്പിച്ചതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിയിരുന്നു. 10 കോടി കൊച്ചിയിലെ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് മൊഴി നല്‍കിയിരുന്നു.

chandrika: