X
    Categories: CultureNewsViews

ജോളിയുടെ വീട്ടില്‍ അര്‍ധരാത്രി പൊലീസ് പരിശോധന; സയനൈഡ് കണ്ടെത്തി

കോഴിക്കോട്: കൂടത്തായിയില്‍ കൊലപാതക പരമ്പര നടത്തിയ ജോളിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സയനൈഡ് കണ്ടെത്തി. വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന.
അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നല്‍കിയത്. ഇന്നു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. പൊലീസിന്റെയും ഫൊറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു വീട്ടിലെ പരിശോധന. സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പൊലീസിനോട് പറഞ്ഞിരുന്നു.

അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് ഇന്നലെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 8.25ന്. പൊലീസ് നോട്ടിസ് നല്‍കിയതനുസരിച്ച് ഷാജുവും സഖറിയാസും രാവിലെ എട്ടോടെ വടകരയിലെ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി. വടകര പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന ജോളിയെ പത്തോടെ ഇവിടെയെത്തിച്ചു. 10.15ന് മൂന്നു പേരെയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

ആദ്യം മൂന്നു പേരെയും തനിച്ചാണു ചോദ്യം ചെയ്തത്. പിന്നീട് ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.

ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയില്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചു സഖറിയാസിനും റോയിയുടെ കൊലപാതകത്തെക്കുറിച്ചു ഷാജുവിനും നേരത്തേ അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചു. പ്രതികളായ എം.എസ്.മാത്യുവിനെ ഉച്ചയ്ക്ക്12.45നും കെ.പ്രജികുമാറിനെ വൈകിട്ട് മൂന്നിനും ഇവിടെയെത്തിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: